കൊച്ചി: അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ കേരളത്തില്‍ വ്യാപകമായുണ്ടായ പെരുമഴയിലും ശക്തമായ കാറ്റിലും കടല്‍ ക്ഷോഭത്തിലും വന്‍ നാശനഷ്ടം. മൂന്നു പേര്‍ മരിച്ചു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു കേരള തീരത്തുനിന്നു വടക്കോട്ടു നീങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും അതി ശക്തമായ കാറ്റും മഴയും കടലാക്രമണവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ കാറ്റിന് സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തീരമേഖലയില്‍ കടലാക്രമണം തുടരുകയാണ്. 71 ക്യാമ്പുകളിലായി 2,094 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
തിരുവനന്തപുരം കരമനയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പാല്‍കുളങ്ങര സ്വദേശി അനൂപ് (32) മരിച്ചു. മൂന്നാര്‍ ചിത്തിരപുരം പവര്‍ഹൗസിനു സമീപം തിരുനല്‍വേലി സ്വദേശി സൗന്ദര്‍രാജന്‍ (56) വൈദ്യുതാഘാതമേറ്റു മരിച്ചു. മരം വീണ് മാര്‍ഗ്ഗസടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാവാതെ ഇടുക്കി വട്ടവടയില്‍ ഹൃദ്രോഗിയായ രാജ (50) മരിച്ചു.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് കായലില്‍ മത്സ്യബന്ധനത്തിനു പോയ വഞ്ചിമറിഞ്ഞ് കൊല്ലം തേവലക്കര കരുവാകിഴക്കേതില്‍ വീട്ടില്‍ ആന്റപ്പനെ(53) കാണാതായി. കായലില്‍ മീന്‍പിടിക്കവേ വള്ളം മറിഞ്ഞ് വെള്ളിയാഴ്ച കാണാതായ കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര സ്വദേശി സുബിനെ (23) കണ്ടെത്താനായില്ല. ജില്ലകളില്‍ 1500 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോവിഡ് പേടിച്ച് ക്യാമ്പുകളിലേക്ക് പോകാന്‍ പലരും മടിക്കുകയാണ്.
ഇടുക്കിയിലെ ചീന്തലാറില്‍ ലയങ്ങളുടെ മേല്‍ക്കൂര തകര്‍ന്ന് ആറു പേര്‍ക്കും വീടിനു മുകളില്‍ മരംവീണ് മൂന്നു പേര്‍ക്കും പരിക്കേറ്റു. മാങ്കുളത്ത് ജീപ്പിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ യാത്രാനിരോധനം ഏര്‍പ്പെടുത്തി. കൊല്ലത്ത് ഏഴ് വീടുകള്‍ പൂര്‍ണമായും 146 വീടുകള്‍ ഭാഗികമായും തകര്‍ന്നു.കാസര്‍കോട് മൂസോടിയില്‍ മൂസയുടെ ഇരുനില വീട് തിരയില്‍ നിലംപൊത്തി.
തിരുവനന്തപുരം വലിയതുറ കടല്‍പ്പാലം അപകടാവസ്ഥയിലായി. ജില്ലകളില്‍ മരങ്ങള്‍ വീണും കടലെടുത്തും നൂറിലേറെ വീടുകള്‍ പൂര്‍ണമായും അതിലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചില റോഡുകള്‍ ഒഴുകിപ്പോയി. വ്യാപകമായി കൃഷി നശിച്ചു. വൈദ്യുതി ബന്ധം പല പ്രദേശങ്ങളിലും പുനഃസ്ഥാപിക്കാനായില്ല. അങ്കമാലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കര്‍ ലോറി റോഡ് ഇടിഞ്ഞ് താഴേക്ക് പതിച്ചു. ആലപ്പുഴയില്‍ മടവീണ് പാടങ്ങള്‍ വെള്ളത്തിലായി. സ്‌കൂളുകളുടെ മേല്‍ക്കൂര തകര്‍ന്നു.
കൊച്ചിയില്‍ ചരക്കുകപ്പല്‍ ഗതാഗതം നിര്‍ത്തി. മൂന്ന് ശ്രീലങ്കന്‍ ബാര്‍ജുകളടക്കം ആറ് ചരക്ക് കപ്പലുകള്‍ കൊല്ലത്ത് നങ്കൂരമിട്ടു. കൊച്ചി ചെല്ലാനത്ത് പല വീടുകളിലും കടല്‍വെള്ളം കെട്ടിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍.ഡി.ആര്‍.എഫ് സംഘമെത്തി. കോട്ടയത്ത് 200 ഏക്കറിലെ നെല്‍കൃഷി നശിച്ചു. ആലപ്പുഴ ജില്ലയിലും വന്‍കൃഷി നാശം സംഭവിച്ചു.
അരുവിക്കര, പേപ്പാറ, കല്ലാര്‍ കുട്ടി, ലോവര്‍ പെരിയാര്‍,മൂന്നാര്‍, ഭൂതത്താന്‍കെട്ട്, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമുകളുടെ ജലനിരപ്പില്‍ ആശങ്കയില്ല. മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യതയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂഴിയാര്‍ ഡാം ജലനിരപ്പ് 190 അടിയാണ്. രണ്ടടി കൂടി ഉയര്‍ന്നാല്‍ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തും. കക്കിയില്‍ 961 മീറ്ററും പമ്പയില്‍ 964 മീറ്ററുമാണ് ഇപ്പോഴത്തെ ജല നിരപ്പ്. ഇത് ഇരുപത് അടി വീതം ഉയര്‍ന്നാലേ തുറക്കേണ്ടതുള്ളൂ
അതിനിടെ ടൗട്ടെ ചുഴലിക്കാറ്റ് ഇന്നലെ വൈകിട്ട് ഗോവയിലെ പനജി തീരത്തു നിന്ന് 250 കിലോമീറ്റര്‍ അകലെ തെക്കു പടിഞ്ഞാറെത്തി. ഇന്നു പകല്‍ വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മറ്റന്നാള്‍ വൈകുന്നേരത്തോടെ ഗുജറാത്തിലെ പോര്‍ബന്തര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.