കുഞ്ഞന്‍ കക്ഷികള്‍ക്ക് തവണ വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍

കുഞ്ഞന്‍ കക്ഷികള്‍ക്ക് തവണ വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം; ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കവേ എല്‍ഡിഎഫിലെ ചെറു കക്ഷികള്‍ക്ക് തവണ വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം നല്‍കാന്‍ ധാരണ.

കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യകേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ക്കാണ് രണ്ടരവര്‍ഷം വെച്ച് മന്ത്രിസ്ഥാനം പങ്കിട്ടു നല്‍കുന്നത്. ലോക് താന്ത്രിക് ജനതാദളിന് മന്ത്രിയുണ്ടാവില്ല. രണ്ട് മന്ത്രിസ്ഥാനം ആവര്‍ത്തിച്ചാവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയും നല്‍കും.

ആന്റണി രാജുവും ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും തമ്മില്‍ മന്ത്രിപദവി പങ്കിടാമെന്ന നിര്‍ദ്ദേശം നേരത്തെ സിപിഎം മുന്നോട്ട് വെച്ചിരുന്നു. ഗണേഷ്‌കുമാറിന് മുഴുവന്‍ സമയം മന്ത്രി എന്ന നില മാറ്റി അവസാന രണ്ടരവര്‍ഷം കടന്നപ്പള്ളിക്ക് എന്നാണ് ഇന്നത്തെ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന ഫോര്‍മുല. ആദ്യ രണ്ടര വര്‍ഷം ആന്റണി രാജു പിന്നീട് അഹമ്മദ് ദേവര്‍കോവില്‍ എന്നാണ് ആലോചന. നാളത്തെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കിടലില്‍ അന്തിമ തീരുമാനമെടുക്കും.

ഇതോടെ മുന്നണിലെ ഒരു എംഎല്‍എമാരുള്ള കക്ഷികളില്‍ എല്‍ജെഡിക്ക് മാത്രമാണ് മന്ത്രി പദവി കിട്ടാതെ പോകുന്നത്. ജെഡിഎസുമായി ലയിച്ചാല്‍ ടേം വ്യവസ്ഥയില്‍ മന്ത്രി പദവി നല്‍കാമെന്ന നിര്‍ദ്ദേശം നേരത്തെ എല്‍ജെഡിക്ക് മുന്നില്‍ സിപിഎം വെച്ചിരുന്നു. പക്ഷെ ലയനത്തില്‍ തീരുമാനം നീളുന്നതിനാല്‍ സര്‍ക്കാര്‍ വന്നശേഷം ശ്രേയംസ് കുമാറിന്റെ പാര്‍ട്ടിക്ക് മറ്റെന്തെങ്കിലും പദവി നല്‍കും. മുന്നണിക്ക് പുറത്തുള്ള കോവൂര്‍ കുഞ്ഞുമോനെ (ആര്‍.എസ്.പി-എല്‍) പരിഗണിച്ചില്ല.

രണ്ട് മന്ത്രി എന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന കേരള കോണ്‍ഗ്രസ് എമ്മിനോട് ബുദ്ധിമുട്ട് സിപിഎം ആവര്‍ത്തിച്ചു. മന്ത്രിപദവിക്കൊപ്പം ചീഫ് വിപ്പ് സ്ഥാനം കൂടി കേരള കോണ്‍ഗ്രസിന് കിട്ടും. 12 മന്ത്രിമാരും സ്പീക്കറും സിപിഎമ്മിന്. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും സിപിഐക്ക്. ഈ ധാരണയില്‍ മാറ്റമില്ല. എന്‍സിപിക്കും ജെഡിഎസിനും ഒരോ മന്ത്രിമാര്‍.

എന്‍സിപി മന്ത്രിയെ ചൊവ്വാഴ്ചയും ജെഡിഎസ് മന്ത്രിയെ നാളെയും പ്രഖ്യാപിക്കും എന്നാണറിയുന്നത്. രണ്ട് എംഎല്‍എമാരുള്ള ഈ പാര്‍ട്ടികളില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി രൂക്ഷമായ പോരാണ് നടക്കുന്നത്. രണ്ട് പാര്‍ട്ടി മന്ത്രിമാര്‍ക്കിടയിലും ടേം വ്യവസ്ഥ വരാനും സാാധ്യതയുണ്ട്. നാളത്തെ എല്‍ഡിഎഫ് യോഗത്തില്‍ വിവിധ പാര്‍ട്ടികള്‍ക്കുള്ള മന്ത്രിപദവി ഔദ്യോഗികമായി തീരുമാനിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.