അറബിക്കടലിന്റെ സ്വഭാവം മാറി; കേരളത്തെ കാത്തിരിക്കുന്നത് കൂടുതല്‍ ചുഴലികള്‍: സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍

അറബിക്കടലിന്റെ സ്വഭാവം മാറി; കേരളത്തെ കാത്തിരിക്കുന്നത് കൂടുതല്‍ ചുഴലികള്‍: സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍

തിരുവനന്തപുരം: ഇനിയുള്ള കാലം കേരളം കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ അടിക്കടിയുണ്ടാകുന്ന ചുഴലികാറ്റുകള്‍ കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. പേമാരിയും വെള്ളപ്പൊക്കവുമാണ് വരും വര്‍ഷങ്ങളിലും കാത്തിരിക്കുന്നതെന്ന് പ്രമുഖ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ. റോക്‌സി മാത്യു കോള്‍ വ്യക്തമാക്കുന്നു.

വര്‍ഷം ഒന്നോ രണ്ടോ ചെറിയ ചുഴലിക്കാറ്റുകള്‍ മാത്രം രൂപപ്പെട്ടിരുന്ന ആ പഴയ അറബിക്കടല്‍ മാറിക്കഴിഞ്ഞു. 2019 ല്‍ മാത്രം അറബിക്കടലില്‍ ഉണ്ടായത് അഞ്ചു ചുഴലിക്കാറ്റുകള്‍. മൂന്നു വര്‍ഷത്തിനിടെ പത്തു ചുഴലികള്‍. കാലവര്‍ഷത്തിനു മുന്‍പുതന്നെ ചുഴലിക്കാറ്റ് ഉണ്ടാകുന്നത് ഇത് തുടര്‍ച്ചയായ നാലാം വര്‍ഷം. അറബിക്കടലിന്റെ ഈ മാറ്റം വിശദമായി പഠിച്ചയാളാണ് രാജ്യത്തെ പ്രമുഖ സമുദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞരില്‍ ഒരാളും മലയാളിയുമായ ഡോ. റോക്‌സി മാത്യു കോള്‍.

കഴിഞ്ഞ അര നൂറ്റാണ്ടില്‍ താപനിലയില്‍ ഉണ്ടായ വര്‍ധനയാണ് ഈ മാറ്റത്തിന് കാരണം. നാലു പതിറ്റാണ്ടിനിടെ അറബിക്കടലില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടി. ഇതുമൂലം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചുഴലികള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്കവും പേമാരിയും ഇനിയുള്ള വര്‍ഷങ്ങളില്‍ കൂടുതലാകുമെന്നും ഡോക്ടര്‍ റോക്‌സി മാത്യു കോള്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം ഇപ്പോഴേ ഇതിനെ നേരിടാന്‍ മുന്നൊരുക്കം തുടങ്ങണം.

ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിയാകാന്‍ എടുക്കുന്ന സമയവും കുറഞ്ഞു. കേരളതീരത്ത് നാശമുണ്ടാക്കിയ ഓഖിയടക്കമുള്ള ചുഴലികള്‍ മിന്നല്‍ വേഗത്തിലാണ് അതി തീവ്രമായത്. കനത്ത പേമാരികള്‍ ഇന്ത്യയില്‍ മൂന്നിരട്ടിയായി കൂടി. വരും വര്‍ഷങ്ങളിലും കേരളം അതിശക്തമായ ചുഴലിക്കാറ്റുകളും അതോടനുബന്ധിച്ചുള്ള പേമാരിയും ശക്തമായ കാറ്റും നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.