ടെഹ്‌റാന്‍: ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതിന് മാരത്തണ്‍ മത്സര സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ ഇറാനിയന്‍ നീതിന്യായ വിഭാഗത്തിന്റെ ഉത്തരവ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി.
തീരദേശ ദ്വീപായ കിഷില്‍ നടന്ന മാരത്തണില്‍ ഏകദേശം 2,000 സ്ത്രീകളും 3,000 പുരുഷന്മാരും പങ്കെടുത്തിരുന്നു. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീകള്‍ ചുവന്ന ടി-ഷര്‍ട്ടുകളാണ് ധരിച്ചിരുന്നത്. ചിലര്‍ ഹിജാബോ തല മറയ്ക്കുന്ന മറ്റ് വസ്ത്രങ്ങളോ ധരിച്ചിരുന്നില്ല. മത്സരത്തിന്റെ രണ്ട് പ്രധാന സംഘാടകരെ അറസ്റ്റ് ചെയ്തതായി ഇറാനിയന്‍ നീതിന്യായ വിഭാഗത്തിന്റെ മിസാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ കിഷ് ഫ്രീ സോണിലെ ഉദ്യോഗസ്ഥനാണ്. മറ്റൊരാള്‍ മത്സരത്തിന്റെ സ്വകാര്യ സംഘാടക കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സംഭവം സമ്മിശ്ര പ്രതികരണങ്ങള്‍ക്കാണ് വഴിവെച്ചത്. ഇസ്ലാമിക രാജ്യമായ ഇറാനില്‍ മാറ്റം ആഗ്രഹിക്കുന്ന ഇറാനിയന്‍ സ്ത്രീകള്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച വസ്ത്രധാരണ രീതികളെ തള്ളിക്കളയുന്നതിന്റെ തെളിവായി ഈ ചിത്രങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഇതിനെ നിലവിലെ സ്ഥിതിയ്ക്ക് എതിരെയുള്ള നീക്കമായി കണക്കാക്കി.
മാരത്തണ്‍ നടത്തിയ രീതി പൊതുവായ സദാചാരത്തിന്റെ ലംഘനമാണെന്നാണ് കിഷിലെ പ്രോസിക്യൂട്ടര്‍ വാദിച്ചത്. രാജ്യത്തെ നിലവിലെ നിയമങ്ങള്‍, ചട്ടങ്ങള്‍, മത, സാമൂഹിക, തൊഴില്‍പരമായ തത്വങ്ങള്‍ എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും ഈ പരിപാടി പൊതു സദാചാരം ലംഘിക്കുന്ന രീതിയിലാണ് നടന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞതായി ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് വര്‍ഷം മുന്‍പ് വസ്ത്രധാരണാ രീതി ലംഘിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത കുര്‍ദ് ഇറാനിയന്‍ യുവതി മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ സൈനിക ശക്തി ഉപയോഗിച്ച് ഇറാന്‍ അടിച്ചമര്‍ത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.