മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും പിന്നാലെ തോമസുകുട്ടിയും യാത്രയായി; വിശ്വസിക്കാനാവാതെ ഉറ്റവര്‍

മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും പിന്നാലെ തോമസുകുട്ടിയും യാത്രയായി; വിശ്വസിക്കാനാവാതെ ഉറ്റവര്‍

അഹമ്മദാബാദ്: മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും പിന്നാലെ തോമസും യാത്രയായപ്പോള്‍ കുടുംബത്തില്‍ തനിച്ചായത് ജോഹാന്‍ മാത്രം. കോവിഡ് ബാധിച്ചു മരിച്ച തോമസ് ഫിലിപ്പിന്റെയും സ്മിതയുടെയും മകനാണു പ്ലസ് ടു വിദ്യാര്‍ഥിയായ ജോഹാന്‍. മാതാപിതാക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേരെ കോവിഡ് കവര്‍ന്നതിന്റെ ആഘാതത്തിലാണ് ജോഹാന്‍.

അഹമ്മദാബാദില്‍ താമസിച്ചിരുന്ന കുടുംബത്തിന് ഏപ്രിലിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 16-ന് തോമസിന്റെ പിതാവായ കരികുന്നേല്‍ കെ.ടി തോമസും അമ്മ മേരി ഫിലിപ്പും കോവിഡ് ബാധിച്ച് മരിച്ചു. പിറ്റേദിവസം ഭാര്യ സ്മിതാ തോമസും മരിച്ചു. ചികിത്സയിലായിരുന്ന തോമസ് ഫിലിപ്പ് കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയെങ്കിലും പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി വഷളായി മരിക്കുകയായിരുന്നു.

തോമസ്‌കുട്ടി എന്നാണ് സ്‌നേഹിതരും ബന്ധുക്കളും തോമസ് ഫിലിപ്പിനെ വിളിക്കുന്നത്. തോമസ്‌കുട്ടിക്കും കുടുംബത്തിനുമുണ്ടായ ദുരന്തം ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത അവസ്ഥയിലാണ് ഉറ്റവര്‍.

ഷംസാബാദ് സീറോമലബാര്‍ രൂപതാംഗമാണ് തോമസ്. സുറിയാനി ഭാഷയെയും പൗര്യസ്ത്യ സഭാ പാരമ്പര്യങ്ങളെയും പിന്തുടരുകയും അതിരറ്റു സ്‌നേഹിക്കുകയും ചെയ്തിരുന്ന തോമസുകുട്ടി സഭാ സംവാദ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. സഭാ വിഷയത്തില്‍ ആഴമേറിയ പഠനങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം സഭയുടെ ആരാധനക്രമ തനിമ നിലനിര്‍ത്താനായി ശക്തിയുക്തം വാദിച്ചിരുന്നു. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലെ ദൈവശാസ്ത്ര ഡിപ്ലോമ വിദ്യാര്‍ഥിയുമായിരുന്നു. തോമസ് ഫിലിപ്പിന്റെ സംസ്‌കാരം അഹമ്മദാബാദില്‍ നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.