ചായസല്‍ക്കാരം നടത്തുകയല്ല; രാജ്യസുരക്ഷയാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്ന് ഓസ്‌ട്രേലിയന്‍ സൈനികരെ ഓര്‍മിപ്പിച്ച് മേധാവികള്‍

ചായസല്‍ക്കാരം നടത്തുകയല്ല; രാജ്യസുരക്ഷയാണ് നിങ്ങളുടെ ഉത്തരവാദിത്തമെന്ന് ഓസ്‌ട്രേലിയന്‍ സൈനികരെ ഓര്‍മിപ്പിച്ച് മേധാവികള്‍

സിഡ്‌നി: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് സൈനികരുടെ പ്രാഥമിക ദൗത്യമെന്നും അതില്‍നിന്നു വ്യതിചലിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് മേധാവികളുടെ താക്കീത്.
സവര്‍ഗരതിക്കാരായ (എല്‍.ജി.ബി.ടി.ക്യൂ.ഐ.) സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കാനെന്ന പേരില്‍ പ്രഭാതചായകുടി പോലുള്ള ദിനചര്യകള്‍ വൈവിധ്യത്തോടെ ആഘോഷിക്കാനുള്ള ചില സൈനികരുടെ നീക്കങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് മേധാവികള്‍ കണ്ണുരുട്ടിയത്. സൈന്യത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ തെറ്റിച്ചുള്ള ഇത്തരം ചായസല്‍ക്കാരങ്ങള്‍ അനുവദിക്കാനാവില്ലെന്നു പ്രതിരോധ മേധാവിയും പ്രതിരോധ സെക്രട്ടറിയും വെള്ളിയാഴ്ച പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

സൈനികരുടെ പ്രാഥമിക ദൗത്യമെന്നത് ഓസ്‌ട്രേലിയയുടെ സുരക്ഷാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും അതില്‍നിന്നു ശ്രദ്ധ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളില്‍നിന്നു പിന്മാറണമെന്നും ജനറല്‍ ആംഗസ് ക്യാമ്പ്ബെല്ലും പ്രതിരോധ സെക്രട്ടറി ഗ്രെഗ് മോറിയാര്‍ട്ടിയും ആവശ്യപ്പെട്ടു.

മേയ് 17-ന് ഹോമോഫോബിയ വിരുദ്ധ ദിനത്തില്‍ എല്‍.ജി.ബി.ടി.ക്യൂ.ഐ. സഹപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തുടനീളമുള്ള സൈനികര്‍ ചില ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനു മുന്നോടിയായി സൈനികരുടെ കൂട്ടായ്മ പരസ്പരം നിര്‍ദേശങ്ങള്‍ കൈമാറിയിരുന്നു. അവര്‍ക്കായി പ്രഭാതത്തില്‍ ചായസല്‍ക്കാരം സംഘടിപ്പിക്കാനും മഴവില്‍ വര്‍ണത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്താന്‍ പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു നിര്‍ദേശം.



എല്‍.ജി.ബി.ടി.ക്യൂ.ഐ സമൂഹത്തെ പിന്തുണയ്ക്കുന്നതിലൂടെ പ്രതിരോധ മേഖലയില്‍ കൂടുതല്‍ വൈവിധ്യം ഉള്‍ക്കൊള്ളിക്കാനും അതിലൂടെ വിവേചനത്തിനെതിരേ പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാനുമാണ് ഈ നിര്‍ദേശങ്ങളെന്നായിരുന്നു സൈനികരുടെ വാദം. ആഘോഷം സംഘടിപ്പിച്ചു ദിവസങ്ങള്‍ക്കകമാണ് വിലക്കുമായി ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്.

ഇത്തരം ചായസല്‍ക്കാരങ്ങള്‍ ഇനി വേണ്ടെന്നു സൈനിക മേധാവികള്‍ ഉത്തരവിട്ടുകഴിഞ്ഞു. പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണും സൈനികര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം സൈന്യത്തിന്റെ കടുത്ത തീരുമാനത്തില്‍ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.