ഇനി കഠിനാധ്വാനത്തിന്റെ നാളുകള്‍; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരും, വര്‍ഗീയതയെ കുഴിച്ചു മൂടും: വി.ഡി സതീശന്‍

ഇനി കഠിനാധ്വാനത്തിന്റെ നാളുകള്‍; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരും, വര്‍ഗീയതയെ കുഴിച്ചു മൂടും: വി.ഡി സതീശന്‍

കൊച്ചി: വെല്ലുവിളികള്‍ നിരവധിയുണ്ടെങ്കിലും തികഞ്ഞ ആത്മ വിശ്വാസത്തോടെ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കുകയാണന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.

ഇനി കഠിനാധ്വനത്തിന്റെ നാളുകളാണ്. ഇതിലൂടെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവരാന്‍ കഴിയും. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ടു പോകും. പരമ്പരാഗത ശൈലികളില്‍ നിന്നു വ്യത്യസ്തമായി കാലം മാറുന്ന തരത്തില്‍ സമീപനത്തിലും പ്രവര്‍ത്തന രീതിയിലും മാറ്റമുണ്ടാകുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് പറഞ്ഞു.

വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ചുമൂടും. വര്‍ഗീയതയെക്കെതിരായ സന്ധിയില്ലാ സമരത്തിനായിരിക്കും ഇനി യുഡിഎഫ് ഒന്നാം സ്ഥാനം നല്‍കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി എതിര്‍ക്കും. അതിനായി എല്ലാ പ്രതിപക്ഷ കക്ഷികളെയും ചേര്‍ത്ത് നിര്‍ത്തുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയായ വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും മകനാണ് സതീശന്‍. നെട്ടൂര്‍ എസ്.വി.യു.പി. സ്‌ക്കൂളില്‍ പ്രൈമറി വിദ്യാഭ്യാസം, പനങ്ങാടില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു.

എം.ജി, കേരള സര്‍വ്വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്ന സതീശന്‍ 1986-87 കാലത്ത് എം.ജി സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്നു. എന്‍.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. എഐസിസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റാണ് നിയമ ബിരുദധാരികൂടിയായ വി.ഡി സതീശന്‍. 2001 മുതല്‍ പറവൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറ മാറ്റത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലകൊണ്ടതോടെയാണ് വി.ഡി സതീശന്‍ പ്രതിപക്ഷ നേതൃത്വത്തിലേക്ക് എത്തുന്നത്. പറവൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയാണ് വി.ഡി സതീശന്‍. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി വി.ഡി സതീശനെ തിരഞ്ഞെടുത്തുവെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.

പി.ചിദംബരവും കമല്‍നാഥും അടക്കമുള്ള നേതാക്കള്‍ ചെന്നിത്തലയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചില മുതിര്‍ന്ന നേതാക്കളും രമേശിനായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തലമുറ മാറ്റം വേണമെന്ന യുവ എംഎല്‍എമാരുടെയും ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം മാനിച്ച് രാഹുല്‍ ഗാന്ധിയും വി.ഡി സതീശന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

സതീശനെ അനുകൂലിക്കുന്ന നേതാക്കള്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തില്‍ പുതുമുഖങ്ങളുമായി രണ്ടാം സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാര്‍ട്ടിയിലെ യുവ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കിയിരുന്നു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കള്‍ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചര്‍ച്ചയില്‍ രാഹുലും സ്വീകരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, കെ.സുധാകരന്‍ എംപി തുടങ്ങി നിരവധി നേതാക്കള്‍ സതീശന്റെ സ്ഥാനലബ്ദിയെ സ്വാഗതം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.