കുഴല്‍പ്പണക്കേസിൽ പങ്കില്ലെന്ന വാദം ദുര്‍ബലമായി;ബി.ജെ.പി. പ്രതിരോധത്തില്‍

കുഴല്‍പ്പണക്കേസിൽ പങ്കില്ലെന്ന വാദം ദുര്‍ബലമായി;ബി.ജെ.പി. പ്രതിരോധത്തില്‍

തൃശ്ശൂർ: കൊടകരയിൽ വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറിൽനിന്ന് മൂന്നരക്കോടി തട്ടിയെടുത്ത സംഭവത്തിൽ ബി.ജെ.പി. ജില്ലാഘടകം പ്രതിരോധത്തിൽ. ബി.ജെ.പി.യുടെ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെയാണ് പ്രത്യേകസംഘം വിളിച്ചുവരുത്തി തെളിവെടുത്തത്.

കേസിൽ തെളിവെടുക്കുന്നതിന് രണ്ട് ജില്ലാ ഭാരവാഹികളെയും ഉയർന്ന പദവി വഹിക്കുന്ന നേതാവിനെയും അന്വേഷണസംഘം വിളിച്ചുവരുത്തിയതോടെ പാർട്ടിയിൽ ആർക്കും പങ്കില്ലെന്ന വാദം ദുർബലമായി.
സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു പലകുറി ജില്ലാനേതൃത്വം പറഞ്ഞിരുന്നത്.

എന്നാൽ, ജില്ലാനേതാക്കൾക്ക് കുഴൽപ്പണ ഇടപാട് അറിയാമായിരുന്നെന്ന് പോലീസ് മുമ്പേ സൂചന നൽകിയിരുന്നു. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണ് ബി.ജെ.പി. നേതാക്കളെ വിളിച്ചുവരുത്തിയത്. പ്രതികൾ നൽകിയ തെളിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.

സംഭവം വിവാദമായതോടെ സംശയത്തിന്റെ മുനയിലുള്ളവർ ആരോപണം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാനും ശ്രമിച്ചു. കടബാധ്യതയിൽപ്പെട്ട ചില നേതാക്കൾ അവരുടെ സ്വത്തും പറമ്പും വിറ്റ് കടം വീട്ടിയപ്പോൾ അത് കുഴൽപ്പണം ഇടപാടിലൂടെ കിട്ടിയ പണമാണെന്ന് പ്രചാരണം അഴിച്ചുവിട്ടിരുന്നു.

സംഭവവുമായി ബന്ധമില്ലെന്ന് ഊന്നിപ്പറഞ്ഞ നേതാക്കൾ ഒടുവിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടിലേക്കെത്തി. സംഭവത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ സംരക്ഷണമുണ്ടാകുമെന്ന് ജില്ലാഘടകം കരുതിയെങ്കിലും തെറ്റി. ജില്ലയിൽ നടന്ന സംഭവം അവിടെത്തന്നെ തീർക്കണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.