വില്‍നിയസ് (ലിത്വാനിയ): തന്റെ കടുത്ത വിമര്‍ശകനെ പിടികൂടാന്‍ ഗ്രീസില്‍നിന്ന് ലിത്വാനിയയിലേക്കു പോയ യാത്രാവിമാനം തട്ടിയെടുത്ത് സ്വന്തം രാജ്യത്തിറക്കിയ ബലാറസ് പ്രസിഡന്റിന്റെ നടപടിയില്‍ ലോകവ്യാപക പ്രതിഷേധം. 171 യാത്രക്കാരുടെ ജീവന്‍ പന്താടി അവരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രസിഡന്റിന്റെ നടപടി തീവ്രവാദ പ്രവര്‍ത്തനത്തിനു തുല്യമെന്നാണ് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടത്.
ഏതന്‍സില്‍നിന്നു ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസിലേക്ക് പോവുകയായിരുന്ന റെയ്ന്‍ എയറിന്റെ എഫ്.ആര്‍ 4978 എന്ന വിമാനത്തിനാണ് അസാധാരണമായ അനുഭവമുണ്ടാകുന്നത്. 171 യാത്രക്കാരുമായി പോയ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം അയച്ച് ബലാറസില്‍ അടിയന്തരമായി ഇറക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ബലാറസ് സൈന്യത്തിന്റെ മിഗ്-29 വിമാനം പിന്നാലെ അയച്ച് റെയ്ന്‍ എയര്‍ വിമാനത്തിന് മര്‍ഗതടസം സൃഷ്ടിച്ചാണ് വഴിതിരിച്ചുവിട്ടത്. ബലാറസ് സര്‍ക്കാരിന്റെ വിമര്‍ശകനായ പത്രപ്രവര്‍ത്തകന്‍ റോമന്‍ പ്രോട്ടാസെവിച്ചിനെ പിടികൂടാനുള്ള പ്രസിഡന്റിന്റെ തന്ത്രമായിരുന്നു ഇത്.
ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോ
ലിത്വാനിയന്‍ വ്യോമാതിര്‍ത്തിയില്‍ വച്ച് വിമാനം പെട്ടെന്ന് ദിശ മാറുകയായിരുന്നു. വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ബലാറസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചിട്ടുണ്ടെന്നും ഏറ്റവും അടുത്തുള്ള വിമാനത്താവളമായ മിന്‍സ്‌കിലേക്ക് തിരിച്ചുവിടാനും നിര്‍ദ്ദേശിക്കുകയുമായിരുന്നെന്ന് റെയ്ന്‍ എയര്‍ അധികൃതര്‍ പറഞ്ഞു.
ബലാറസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വിമാനമിറങ്ങിയ ഉടന്‍ അതിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മറ്റു യാത്രക്കാരെയും പുറത്തിറക്കി. വിമാനത്തില്‍ പരിശോധന നടത്തിയശേഷം യാത്രക്കാരെ വിമാനത്തില്‍ തിരിച്ചുകയറ്റി ലിത്വാനിയയിലേക്ക് അയച്ചു. സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള വിമാനം തട്ടിയെടുക്കല്‍ വലിയ ആശങ്കയാണു സൃഷ്ടിച്ചിട്ടുള്ളത്.
ഓസ്‌ട്രേലിയ, ബ്രിട്ടന്‍, അമേരിക്ക, അയര്‍ലന്‍ഡ്, ജര്‍മ്മനി, ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാഷ്ട്രങ്ങള്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയുടെ ഭരണകൂട ഭീകരതയ്‌ക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. 26 കാരനായ പ്രൊട്ടസെവിച്ചിനെ മോചിപ്പിച്ചില്ലെങ്കില്‍ നിലവില്‍ ലുക്കാഷെങ്കോയുടെ ഭരണകൂടത്തിനെതിരെയുള്ള ഉപരോധം ശക്തിപ്പെടുത്തുമെന്ന മുന്നറിയിപ്പും ഈ രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ട്.
പ്രോട്ടാസെവിച്ച് പോളണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലഗ്രാം മെസേജിംഗ ആപ്പായ നെക്സ്റ്റ ചാനലിന്റെ സഹസ്ഥാപകനാണ്. രണ്ട് ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിനുള്ളത്. ബലാറസ് ഭരണകൂടത്തിനെതിരേ നടന്ന പ്രതിഷേധങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. തീവ്രവാദികളുടെ പട്ടികയിലാണ് പ്രോട്ടാസെവിച്ചിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പോളണ്ടിലേക്ക് പലായനം ചെയ്ത പ്രോട്ടാസെവിച്ച് നേരിടുന്നത്.
ലിത്വാനിയ സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'അപൂര്‍വമായ സംഭവം' എന്നാണ് ലിത്വാനിയന്‍ പ്രസിഡന്റ് ഗിറ്റാനാസ് നവുസേദ ട്വീറ്ററില്‍ പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.