ഇന്ത്യയിലെ ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ ദുരിതബാല്യം; ഇന്ന് ഓസ്‌ട്രേലിയയിലെ പ്രശസ്തയായ ഗവേഷക; അവിശ്വസനീയം ആര്‍ച്ച ഫോക്‌സിന്റെ ജീവിതം

ഇന്ത്യയിലെ ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ ദുരിതബാല്യം; ഇന്ന് ഓസ്‌ട്രേലിയയിലെ പ്രശസ്തയായ ഗവേഷക; അവിശ്വസനീയം ആര്‍ച്ച ഫോക്‌സിന്റെ ജീവിതം

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രശസ്തയായ ശാസ്ത്രജ്ഞയാണ് ഡോ. ആര്‍ച്ച ഫോക്‌സ്. അടുത്ത ദിവസങ്ങളിലായി ഇവിടുത്തെ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാണിവര്‍. ഓസ്‌ട്രേലിയയില്‍ തദ്ദേശീയമായി എം.ആര്‍.എന്‍.എ വാക്‌സിന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന ആര്‍ച്ചയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘത്തിന്റെ ആവശ്യത്തോട് ഫെഡറല്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ ശാസ്ത്രജ്ഞയാണ്‌ ഡോ. ആര്‍ച്ച ഫോക്സ്.

ഗവേഷകയായി പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും ആര്‍ച്ച ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. അധികമാര്‍ക്കും അറിയാത്ത ഇന്ത്യയിലെ അവരുടെ കുട്ടിക്കാലം. വര്‍ണവൈവിധ്യങ്ങളുടെ നാടാണെങ്കിലും നിറമില്ലാത്ത ബാല്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലപ്പോഴെങ്കിലും ആര്‍ച്ചയെ വേട്ടയാടാറുണ്ട്.

തന്റെ കുട്ടിക്കാലത്തെ രൂപപ്പെടുത്തിയ ഇന്ത്യയിലെ അസാധാരണ ജീവിതത്തെക്കുറിച്ചും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്നിട്ടും ഗവേഷകയായി കരിയര്‍ രൂപപ്പെടുത്തിയതിനെക്കുറിച്ചും ഡോ. ഫോക്‌സ് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സിയോടു മനസു തുറന്നു. ഓഷോ, ഭഗവാന്‍ രജനീഷ് എന്ന് ആരാധകര്‍ വിളിക്കുന്ന ആള്‍ദൈവത്തിന്റെ ആശ്രമത്തിലായിരുന്നു ആര്‍ച്ചയുടെ കുട്ടിക്കാലം. മൂന്ന് വയസുള്ളപ്പോഴാണ് ആര്‍ച്ച മാതാപിതാക്കള്‍ക്കൊപ്പം അവിടെയെത്തിയത്. ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അതെന്ന് ആര്‍ച്ച പറയുന്നു.


ആര്‍ച്ചയും (വലത്) സഹോദരിയും അമ്മയും രജനീഷിന്റെ ആശ്രമത്തില്‍

ആത്മീയ ഗുരു എന്നറിയപ്പെട്ടിരുന്ന രജനീഷിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായി 1970-കള്‍ മുതല്‍ നിരവധി വിദേശികളാണ് ആശ്രമത്തിലെത്തിയിരുന്നത്. വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയിലെ ഫിലോസഫി ലക്ചററായ അച്ഛനും നൃത്ത അദ്ധ്യാപികയായ അമ്മയും ആ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ആര്‍ച്ച ഓര്‍മിച്ചു.

ജൂതവംശജയായ അമ്മ കുട്ടിക്കാലത്ത് ഒരുപാട് വേദനകള്‍ സഹിച്ചിരുന്നു. നാസികള്‍ ജൂതരെ കൂട്ടക്കൊല ചെയതതിന്റെ കഥകളും അത് അതിജീവിച്ചവരുടെ അനുഭവങ്ങളും അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തം അസ്തിത്വം തേടുന്നതിന്റെ ഭാഗമായാണ് അവര്‍ ആശ്രമത്തില്‍ പോയതെന്ന് താന്‍ കരുതുന്നു-ആര്‍ച്ച കൂട്ടിച്ചേര്‍ത്തു.


ആര്‍ച്ചയും സഹോദരിയും അമ്മയും ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ പുതിയ പേരുകള്‍ സ്വീകരിക്കുന്നു.

ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് ആര്‍ച്ചയും മൂത്ത സഹോദരിയും മാതാപിതാക്കള്‍ക്കൊപ്പം രജനീഷിന്റെ പൂണെയിലെ ആശ്രമത്തിലെത്തുന്നത്. അടിച്ചമര്‍ത്തപ്പെട്ട, കടുത്ത യാഥാസ്ഥിതിക ചുറ്റപാടുകളുള്ള കുടുംബത്തില്‍ വളര്‍ന്ന പിതാവിന് ആശ്രമത്തിലെ സാഹചര്യം കെട്ടുപാടുകളില്‍നിന്നുള്ള വിമോചനമായിട്ടാണ് അനുഭവപ്പെട്ടത്.

സുന്ദരമായ ഇംഗ്ലീഷില്‍ സരസമായി സംസാരിക്കുന്ന, മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കൂര്‍ത്ത കണ്ണുകളുള്ള, കള്‍ട്ട് സംസ്‌കാരം പ്രോത്സാഹിപ്പിച്ച രജനീഷിലേക്ക് നിരവധി വിദേശീയരാണ് അക്കാലത്ത് ആകര്‍ഷിക്കപ്പെട്ടത്. സമൂഹത്തിന്റെ കെട്ടുപാടുകളില്‍നിന്ന് രക്ഷപ്പെടാനുള്ള അവരുടെ അന്വേഷണം അവസാനിച്ചത് ആശ്രമത്തിലായിരുന്നു. 

ഞങ്ങളുടെയെല്ലാം പേരുകള്‍ മാറ്റി-ആര്‍ച്ച തുടര്‍ന്നു. ഹന്നയായിരുന്ന ഞാന്‍ 'മാ ദേവ ആര്‍ച്ച'യായി. ഞാനും സഹോദരിയും ആശ്രമത്തിലെ വിചിത്ര രീതികളിലേക്ക് നിര്‍ബന്ധിതമായി മാറ്റപ്പെട്ടു. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ.


അമ്മയ്‌ക്കൊപ്പം ആര്‍ച്ച

ഇന്ത്യയിലെ ഓര്‍മ്മകള്‍ ഇപ്പോഴും മനസിലുണ്ട്. വിനോദവും അമിത സ്വാതന്ത്ര്യവും വിവിധ ഭാഷകളും ഗന്ധങ്ങളും നിറഞ്ഞ ബാല്യം. ഓസ്ട്രേലിയയിലുള്ള മുത്തശ്ശി ആശ്രമത്തിലേക്കു ഭക്ഷണ സാധനങ്ങള്‍ അയച്ചുതന്നു. ആശ്രമത്തില്‍ പൈസക്കായി കുട്ടികള്‍ യാചിക്കുന്നത് പതിവായിരുന്നു. ആ പൈസ കൊണ്ട് ഐസ്‌ക്രീം വാങ്ങി, റിക്ഷാ സവാരി നടത്തും. ഔപചാരിക സ്‌കൂള്‍ വിദ്യഭ്യാസം ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. എങ്ങനെയോ കണക്കിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസിലാക്കി. വായിക്കാനും എഴുതാനും പഠിച്ചതായി ആര്‍ച്ച പറയുന്നു.

ബാല്യത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്ത ഒരു പെണ്‍കുട്ടിയില്‍നിന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞയെന്ന നിലയിലുള്ള ഇന്നത്തെ ആര്‍ച്ചയുടെ വളര്‍ച്ച അത്ഭുതകരമാണ്.

ആശ്രമത്തിലെ ഇരുണ്ട ജീവിതം

'ആദ്യമൊക്കെ അവിടുത്തെ ജീവിതം രസകരമായി തോന്നിയെങ്കിലും പയ്യെ പയ്യെ ഞാന്‍ ഒറ്റപ്പെട്ടുതുടങ്ങി. അമ്മയുമായിട്ടായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം. ആത്മീയ പാതയിലേക്കു മാറിയ അമ്മയുടെ സാമീപ്യം എനിക്കു നഷ്ടപ്പെടുന്നത് ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതെനിക്ക് താങ്ങാവുന്നതിലും അധികമായി. കാരണം ഞങ്ങള്‍ തമ്മില്‍ അത്രമാത്രം അടുപ്പമുണ്ടായിരുന്നു.

മുതിര്‍ന്നവരില്‍നിന്നു മാറ്റിയാണ് ഞങ്ങളെ ഒരു ഘട്ടത്തില്‍ താമസിപ്പിച്ചത്. അരാജകത്വമുള്ള ഒരു സാഹചര്യത്തില്‍ എല്ലാ കുട്ടികളെയും ഒരുമിച്ച് താമസിപ്പിച്ചു. മാതാപിതാക്കള്‍ ആശ്രമത്തില്‍ ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ ഞാനും സഹോദരിയും കറങ്ങി നടന്നു. ധ്യാനത്തിനിടെ ചിരിയും അലര്‍ച്ചയും അട്ടഹാസവുമൊക്കെ കേള്‍ക്കുമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെ മോചിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് ഈ രീതികളെന്നായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്.


ആശ്രമത്തിലെ ധ്യാനത്തിന് നേതൃത്വം നല്‍കുന്ന രജനീഷ്

എന്നാല്‍ എന്റെ അവസ്ഥ നേേര മറിച്ചായിരുന്നു. ഒറ്റപ്പെട്ട ഒരു ആത്മാവിനെപ്പോലെയായി. അവിടുത്തെ നൂറുകണക്കിന് കുട്ടികളുടെയും അവസ്ഥ സമാനമായിരുന്നു. മാതാപിതാക്കളില്‍ നിന്ന് അകന്നതിന്റെ നഷ്ടബോധം അവരുടെ മുഖത്ത് പ്രകടമായിരുന്നു. അവര്‍ കരുതലും സ്‌നേഹവും അതിയായി ആഗ്രഹിച്ചു. എന്നാല്‍ കുട്ടികളേക്കാള്‍ ഉപരി സ്വന്തം ആനന്ദത്തിനും സംതൃപ്തിക്കും മാതാപിതാക്കള്‍ മുന്‍ഗണന നല്‍കി. മാതാപിതാക്കള്‍ ശ്രദ്ധിക്കാതായതോടെ കുട്ടികളും അരാജകത്വ ജീവിതത്തിലേക്കു വഴുതിവീണു. ആശ്രമത്തിലെ ഈ ഇരുണ്ട വശം അക്കാലത്ത് ആരും പരിഗണിച്ചില്ല.

അമേരിക്കയിലേക്ക്
ഇന്ത്യയില്‍ നികുതിവെട്ടിപ്പ് കേസുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ 1981-ല്‍ രജനീഷും ഫോക്‌സിന്റെ കുടുംബം ഉള്‍പ്പെടെയുള്ള അനുയായികളും അമേരിക്കയിലേക്കു മാറി. അനുയായികള്‍ ഒറിഗോണിലെ ആന്റലപ്പില്‍ അറുപതു കോടിയോളം ഡോളര്‍ മുടക്കി 64000 ഏക്കര്‍ വിസ്തൃതിയുള്ള രജനീഷ് പുരം എന്ന നഗരം സ്ഥാപിച്ചു. റോഡുകള്‍, ബസ് സര്‍വീസ്, വിമാനത്താവളം, ഷോപ്പുകള്‍, ഫാമുകള്‍, ആശുപത്രി എല്ലാമുള്ള നഗരം.

ലോകമെമ്പാടുമുള്ള ശിഷ്യരില്‍നിന്നും പണം ഒഴുകിയതോടെ അത്യാഡംബരപൂര്‍ണമായിരുന്നു അവിടത്തെ ഗുരുവിന്റെ ജീവിതം. നൂറോളം റോള്‍സ് റോയ്സ് കാറുകളാണ് രജനീഷിന്റെ ശേഖരത്തിലുണ്ടായിരുന്നത്. അവിടെ ദിവസവും ഞങ്ങള്‍ റോഡിരികില്‍ അണിനിരക്കും. അദ്ദേഹം ഒരു റോള്‍സ് റോയ്സില്‍ അവിടേക്കു വരുമ്പോള്‍ വിമാനം മുകളില്‍നിന്ന് റോസാപ്പൂക്കള്‍ വര്‍ഷിക്കുമായിരുന്നു-അമ്പരിപ്പിച്ച ബാല്യത്തിലെ അനുഭവങ്ങള്‍ ആര്‍ച്ച അനുസ്മരിച്ചു.



താന്‍ കുട്ടിക്കാലത്തു സാക്ഷിയായ അനുഭവങ്ങളുടെ അര്‍ഥതലങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആര്‍ച്ചയ്ക്കു നിഗൂഡമായി തുടരുകയാണ്. സത്യസന്ധമായി പറഞ്ഞാല്‍ അയാള്‍ ഒരു കപടവേഷധാരിയാണോ എന്ന് എനിക്കറിയില്ല. അയാള്‍ക്കു ചുറ്റുമുള്ള ആളുകളാണ് ഈ സങ്കീര്‍ണ്ണമായ ലോകം നിര്‍മ്മിക്കുന്നത്. സ്വന്തം സായുധ പോലീസിന്റെ സംരക്ഷണയിലായിരുന്നു രജനീഷ്.

വലിയതോതിലുള്ള അഴിമതിയും കുടിയേറ്റത്തട്ടിപ്പും പ്രദേശവാസികളുടെ എതിര്‍പ്പും ഉയര്‍ന്നതോടെ രജനീഷിന് യു.എസ്. വിടാന്‍ സമ്മര്‍ദമുണ്ടായി. പല കുറ്റങ്ങളും തെളിഞ്ഞതോടെ പിഴയടച്ച് രജനീഷ് അമേരിക്ക വിട്ടു ഇന്ത്യയിലെത്തി.

തിരിച്ച്‌ ഓസ്‌ട്രേലിയയിലേക്ക്
ആര്‍ച്ചയുടെ കുടുംബവും ആശ്രമം വിട്ട് ഓസ്‌ട്രേലിയയിലേക്കു മടങ്ങി. അന്ന് 11 വയസായിരുന്നു ആര്‍ച്ചയ്ക്ക്. ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ ആര്‍ച്ച ആദ്യമായി സ്‌കൂളില്‍ പോയി. തുടക്കത്തില്‍, തന്റെ ഭൂതകാലത്തെ രഹസ്യമാക്കി വച്ചു. പതിയെ സ്‌കൂളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. ജീവിതം രണ്ടാമതും തുടങ്ങുകയായിരുന്നു. ശാസ്ത്ര വിഷയത്തോടായിരുന്നു എനിക്കു താല്‍പര്യം. സ്‌കൂളിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു ഞാന്‍-ആര്‍ച്ച പുഞ്ചിരിച്ചു.


ഡോ. ആര്‍ച്ചയും ഭര്‍ത്താവ് ചാര്‍ലിയും

ദ യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ഓസ്ട്രേലിയയില്‍ സീനിയര്‍ ലക്ചററും ഗവേഷകയുമാണ് ആര്‍ച്ച. മനുഷ്യകോശങ്ങളുമായി ബന്ധപ്പെട്ട ആര്‍ച്ചയുടെ പഠനങ്ങള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2012 ല്‍ ഹാരി പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡും 2017 ല്‍ എമര്‍ജിംഗ് ലീഡര്‍ക്കുള്ള ഓസ്ട്രേലിയന്‍/ന്യൂസിലന്‍ഡ് സൊസൈറ്റി ഓഫ് സെല്‍ ആന്‍ഡ് ഡെവലപ്മെന്റല്‍ ബയോളജിയുടെ അവാര്‍ഡും നേടിയിട്ടുണ്ട്.

വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായി ആര്‍ച്ച ഇന്ന് സന്തോഷജീവിതം നയിക്കുന്നു. ഭര്‍ത്താവ് വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ചാര്‍ലി ബോണ്ട് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.