സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില പഴയപടി

സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വില പഴയപടി

കൊച്ചി: സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് വില പഴയ പടിയെന്ന് ആക്ഷേപം. മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റടക്കം 15 ഇനങ്ങള്‍ക്കാണ് സര്‍ക്കാര്‍ വില നിയന്ത്രണമുള്ളത്. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയതോടെ നിരവധി സ്ഥാപനങ്ങളാണ് കുടുങ്ങിയത്.

തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന മാസ്‌കിന് മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള കടകള്‍ ഇരട്ടി വിലയാണ് ഈടാക്കുന്നത്. സര്‍ജിക്കല്‍ മാസ്‌ക് ഒന്നിന് സര്‍ക്കാര്‍ നിശ്ചയിച്ച വില 3.90 പൈസയാണ്. പക്ഷെ, അഞ്ച് രൂപ വാങ്ങുന്നവരാണ് കൂടുതലും. കൂടാതെ, 192 രൂപയ്ക്ക് അര ലിറ്റര്‍ സാനിറ്റൈസര്‍ കൊടുക്കണമെന്ന നിര്‍ദേശം ആരും അറിഞ്ഞ മട്ടുപോലുമില്ല. 250 രൂപയാണ് മിക്കയിടത്തും ഇപ്പോഴും സാനിറ്റൈസറിന്റെ വില. അരക്കുപ്പിയുടെ വിലയ്‌ക്കൊപ്പം ചെറിയ കുപ്പികളിലെ വിലയിലും കുറവ് വരുത്തണമെന്നതിലും മാറ്റമൊന്നും നടപ്പാക്കിയിട്ടില്ലെന്ന് ലീഗല്‍ മെട്രോളജിയുടെ പരിശോധനയില്‍ വ്യക്തമായി.

കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും ക്ഷാമം നേരിട്ട പള്‍സ് ഓക്‌സിമീറ്ററിന്റെ ലഭ്യത ഇപ്പോള്‍ കൂടിയിട്ടുണ്ട്. എന്നാല്‍, അംഗീകൃതമല്ലാത്ത കടലാസ് കമ്പനികളുടെ ഓക്‌സിമീറ്ററുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സാധനങ്ങള്‍ക്ക് പിഴ ഈടാക്കും. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.