വത്തിക്കാന്‍ നിയമിച്ച ബിഷപ്പിനെയും ഏഴു വൈദികരെയും വടക്കന്‍ ചൈനയില്‍ തടവിലാക്കി

വത്തിക്കാന്‍ നിയമിച്ച ബിഷപ്പിനെയും ഏഴു വൈദികരെയും വടക്കന്‍ ചൈനയില്‍ തടവിലാക്കി

ഹെനാന്‍: വടക്കന്‍ ചൈനയില്‍ കത്തോലിക്കാ ബിഷപ്പിനെയും വൈദികരെയും സെമിനാരി വിദ്യാര്‍ഥികളെയും ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. ഹെനാന്‍ പ്രവിശ്യയിലാണ് സംഭവം. സിന്‍സിയാംഗ് രൂപതയിലെ ബിഷപ്പ് ജോസഫ് സാംഗ് (63), ഏഴു വൈദികര്‍, ഏതാനും വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് പിടികൂടി തടവിലാക്കിയത്. വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ഫാക്ടറി ഏറ്റെടുത്ത് നവീകരിച്ച് സിന്‍സിയാംഗ് രൂപതയുടെ ആസ്ഥാനമാക്കിയതിന് പിന്നാലെയാണ് അറസ്റ്റും നടപടികളും ഉണ്ടായത്.

വത്തിക്കാന്‍ നിയോഗിച്ച മെത്രാനും വൈദികര്‍ക്കുമെതിരേയാണു നടപടി. എന്നാല്‍ ഇവരെ ചൈനീസ് ഭരണകൂടം പതിറ്റാണ്ടുകളായി അംഗീകരിച്ചിരുന്നില്ല. അംഗീകാരമില്ലെങ്കിലും വത്തിക്കാനും ചൈനയും തമ്മില്‍ നിലവിലിരുന്ന സംയുക്ത ധാരണകളുടെ അടിസ്ഥാനത്തിലാണ് നാളിതുവരെ പരോക്ഷമായി സഭയും വൈദികരും പ്രവര്‍ത്തിച്ചിരുന്നത്. ചൈനയും വത്തിക്കാനും തമ്മിലുള്ള ധാരണകളുടെ ലംഘനം കൂടിയാണ് ഇപ്പോഴത്തെ അറസ്റ്റെന്നും പറയപ്പെടുന്നു.

മതപരമായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിച്ചു എന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഭരണകൂടത്തിന്റെ പ്രത്യക്ഷ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മത വിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും എതിരായ നടപടികളുടെ ഭാഗമാണ് അറസ്റ്റെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

1936ലാണ് സിന്‍സിയാംഗ് രൂപത വത്തിക്കാന്‍ സ്ഥാപിച്ചത്. 1991 ലാണ് ജോസഫ് സാംഗ് വെയ്സുവിനെ ഇവിടെ മെത്രാനായി അഭിഷിക്തനാക്കിയത്. ഒരു ലക്ഷം വിശ്വാസികളാണ് ഈ രൂപതയ്ക്കു കീഴിലുള്ളത്. എന്നാല്‍ ചൈനയുടെ അംഗീകാരമുള്ള കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ (സിസിപിഎ), വത്തിക്കാന്റെ ഈ നിയമനത്തെയും ബിഷപ്പിനെയും അംഗീകരിച്ചില്ല. ഇതേച്ചൊല്ലി നിരവധി തര്‍ക്കങ്ങളും ചര്‍ച്ചകളും മുമ്പും രാജ്യത്ത് നടന്നിരുന്നു. വത്തിക്കാന്‍ ചുമതലപ്പെടുത്തിയ കത്തോലിക്കാ സഭയല്ല തങ്ങളുടെ അംഗീകാരമുള്ള സഭയാണ് രാജ്യത്ത് പ്രവര്‍ത്തിക്കേണ്ടത് എന്നാണ് ചൈനീസ് നിലപാട്.

വത്തിക്കാന്‍ അംഗീകൃത കത്തോലിക്കാ സഭയും ചൈനീസ് ഭരണകൂടത്തിന്റെ അംഗീകാരമുള്ള സഭയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ 2018-ല്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ചൈന - വത്തിക്കാന്‍ കരാര്‍ ഉണ്ടാക്കിയത്. 2020-ല്‍ ഇത് പുതുക്കുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും വത്തിക്കാന്‍ അംഗീകാരമുള്ള സഭാ പ്രവര്‍ത്തകര്‍ക്കെതിരേ പരസ്യവും രഹസ്യവുമായ നിരവധി നീക്കങ്ങള്‍ ഭരണകൂടത്തിന്റെ അറിവോടെ രാജ്യത്ത് നടന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബിഷപ്പ് ജോസഫ് സാംഗിന്റെ അറസ്റ്റ് എന്നാണ് കരുതപ്പെടുന്നത്. .

മതവിഭാഗങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിലക്കിയതിനെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സിന്‍സിയാംഗിലെ കത്തോലിക്കാ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും അധികാരികള്‍ അടച്ചുപൂട്ടിയിരുന്നു. ദരിദ്രരും അനാഥരും ഭിന്നശേഷിയുള്ളതുമായ കുട്ടികള്‍ക്കായി ചൈനയിലെ വിവിധ പ്രവിശ്യകളില്‍ പള്ളികള്‍ നടത്തുന്ന അനാഥാലയങ്ങള്‍ 2018 മുതല്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുകയാണ്. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു നടപടി. ഇത്തരത്തില്‍ സഭയെയും സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കാന്‍ നിരവധി ശ്രമങ്ങളാണ് ചൈനീസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.