80:20 അനുപാതം വിവേചനം തന്നെ: ലീഗിന് വഴങ്ങിയാണ് യുഡിഎഫ് തീരുമാനമെടുത്തത്; കോടതി വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി

 80:20 അനുപാതം വിവേചനം തന്നെ: ലീഗിന് വഴങ്ങിയാണ് യുഡിഎഫ് തീരുമാനമെടുത്തത്; കോടതി വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ്  കുട്ടി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പിന്തുണച്ച് പാലൊളി മുഹമ്മദ് കുട്ടി. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത് പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു.

മുസ്ലീം ലീഗിന് വഴങ്ങിയാണ് യുഡിഎഫ് 80:20 അനുപാതം നടപ്പാക്കിയത്. യുഡിഎഫ് നിശ്ചയിച്ച 80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കുന്നതായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും പാലൊളി പറഞ്ഞു.

വിവേചനത്തിനെതിരായ വിധിയായി ഹൈക്കോടതി വിധിയെ കാണാനാകും. 80:20 എന്ന രീതിയിലുള്ള സമീപനം എടുത്തത് മറ്റ് സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍ ഇടവന്നിട്ടുണ്ട്. 2011-ല്‍ അധികാരത്തില്‍ വന്ന യുഡിഫ് സര്‍ക്കാരിന്റെ അവസാന ഘട്ടത്തില്‍ വിഷയത്തില്‍ വരുത്തിയ മാറ്റമാണ് 80:20 എന്ന അനുപാതത്തിലെത്താന്‍ കാരണമായത്. ഇക്കാര്യത്തില്‍ വലിയൊരു വിവേചനം വന്നു എന്നൊരു വികാരം മറ്റ് സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഇത് കാരണമായി. അത്തരം ഒരു വിഭജനം വേണ്ടിയിരുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഇന്നലെയാണ് ഹൈക്കോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

2015 ലെ ഉത്തരവനുസരിച്ച് മുസ്ലീം മത വിഭാഗത്തില്‍പ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ലത്തീന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിവര്‍ത്തനം നടത്തിയവര്‍ക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുളള ഏറ്റവും പുതിയ സെന്‍സസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അര്‍ഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ മുസ്ലീം ന്യൂന പക്ഷങ്ങള്‍ക്ക് മാത്രമായി കേരളത്തിലെ ഇടത്, വലത് സര്‍ക്കാരുകള്‍ നല്‍കുന്നെന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിക്കൊടുവിലാണ് ഈ വകുപ്പുതന്നെ ഇത്തവണ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.