ന്യൂനപക്ഷ ആനുകൂല്യങ്ങള്‍: ഹൈക്കോടതി വിധി പഠിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍:  ഹൈക്കോടതി വിധി പഠിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിയെക്കുറിച്ച് വിശദമായ പഠനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കോടതി വിധിയെക്കുറിച്ച് നിയമ വകുപ്പ് വിശദമായി പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഹൈക്കോടതി വിധി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിധിക്ക് കാരണമായ കാര്യങ്ങള്‍കൂടി നിയമ വകുപ്പ് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സമഗ്രമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുക. വിധി പഠിച്ച ശേഷം സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നിയമ മന്ത്രി പി. രാജീവും വ്യക്തമാക്കിയിട്ടുണ്ട്. എ.ജിയുടെ നിയമോപദേശം തേടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. 80 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ അടക്കമുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഇതാണിപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധിയെ വിവിധ ക്രൈസ്തവ സഭകളും സംഘടനകളും സ്വാഗതം ചെയ്തു.

എന്നാല്‍ സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും അനുപാതവും സംബന്ധിച്ച് വിശദമായ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുന്‍മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു.

വിവേചനത്തിനെതിരായ വിധിയായി ഹൈക്കോടതി വിധിയെ കാണാനാകുമെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.