കൊച്ചി: സീറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയായ എസ്.എം.സി.എഫ് (സിറോ മലബാർ കാത്തലിക്സ് ഫെഡറേഷൻ) ഷെവലിയാർ വി സി സെബാസ്റ്റ്യൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സഭയുടെ ഐക്യത്തിനും സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനും, സഭാ ചരിത്രവും സഭാ പാരമ്പര്യങ്ങളും പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാനും ഈ കൂട്ടായ്മയ്ക്ക് ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സീറോ മലബാർ കാത്തലിക്സ് ഫെഡറേഷൻ പ്രസിഡന്റ് രാജേഷ് കൂത്രപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച ഓൺലൈൻ സമ്മേളനത്തിൽ പി ആർ ഓ മെബിൻ, സെക്രട്ടറി അമൽ പുല്ലുതുരുത്തിയിൽ, ട്രഷറർ അനീഷ് ജോയി എന്നിവർ സംസാരിച്ചു.
ക്രൈസ്തവ സമുദായ താല്പര്യം സംരക്ഷിക്കുവാൻ പോരാടിയ മുന്നണിപോരാളികളായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക്, ജിൻസ് നല്ലെപ്പറമ്പിൽ എന്നിവരെ പ്രസ്തുത സമ്മേളനം പ്രത്യേകം ആദരിച്ചു.
കേരളത്തിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം തങ്ങൾക്കു നിർലോപമായ സഹായ സഹകരണങ്ങൾ നൽകിയതായി അഡ്വ. ജസ്റ്റിൻ പറഞ്ഞു . തങ്ങൾക്കു ഊർജം പകർന്നു തന്ന എല്ലാവർക്കും അമൽ സിറിയക് നന്ദി രേഖപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സീറോ മലബാർ സഭാംഗങ്ങൾക്ക് ഒന്നിക്കാനും സഭാ കൂട്ടായ്മകളെ ശക്തിപ്പെടുത്താനും വഴിയൊരുക്കുക, കാലികമായ സാമൂഹ്യ-സാമുദായിക വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുക, സഭാ ഭരണത്തിൽ പള്ളിയോഗങ്ങൾ നേതൃത്വം നൽകിയിരുന്ന പുരാതന പൈതൃകങ്ങൾക്കും അൽമായ പങ്കാളിത്തത്തിന്റെയും പങ്കാളിത്ത നേതൃത്വത്തിന്റെയും ആവശ്യകതയെപ്പറ്റിയുള്ള രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ഉൾപ്പെടെയുള്ള പഠനങ്ങളുടെ മാതൃകയിൽ സഭാ സിനഡിനോടും സഭാധ്യക്ഷനോടുമൊപ്പം സഭാ കാര്യങ്ങളിൽ നേതൃത്വം നൽകുക, സഭാംഗങ്ങളുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്ന് സംഘാടകർ അറിയിച്ചു.
സീറോ മലബാർ സഭയിലെ മെത്രാന്മാർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിങ്ങനെ എല്ലാ നിലകളിലുമുള്ള വിശ്വാസികളെ ഉൾകൊള്ളുന്ന ഒരു കൂട്ടായ്മ രൂപീകരിക്കണം എന്ന സഭാ വിശ്വാസികളുടെ ദീർഘകാല സ്വപ്നമാണ് എസ്എംസിഎഫിന്റെ രൂപീകരണത്തോടെ പൂവണിയുന്നത്. സഭയിലെ മറ്റ് സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, മെത്രാന്മാരും പുരോഹിതരും അല്മായരും തമ്മിലുള്ള ധാരണയും സഹകരണവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും പുതിയ കൂട്ടായ്മയ്ക്കുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകൾക്കായുള്ള പൊതുനിയമം (സിസിഇഒ) 18-ാമത് കാനൻ നിയമ പ്രകാരമാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.