കസേര കാലി, ചര്‍ച്ചകള്‍ തകൃതി; അവകാശ വാദങ്ങളുമായി കൊടിക്കുന്നിലും ഹൈക്കമാന്‍ഡിന് മുന്നില്‍

കസേര കാലി, ചര്‍ച്ചകള്‍ തകൃതി; അവകാശ വാദങ്ങളുമായി കൊടിക്കുന്നിലും ഹൈക്കമാന്‍ഡിന് മുന്നില്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദ ഫലമായി ഹൈക്കമാന്‍ഡിന് പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനാവാത്ത സാഹചര്യത്തില്‍ ദളിത്, പിന്നാക്ക ലേബലില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്താന്‍ കൊടിക്കുന്നില്‍ സുരേഷ് എംപി കരുനീക്കങ്ങള്‍ തുടങ്ങി.

കെപിസിസി അധ്യക്ഷ പദവിയിലേക്ക് തന്നെ പരിഗണിയ്ക്കണമെന്ന് ഹൈക്കമാന്‍ഡിനോട് നേരിട്ടഭ്യര്‍ത്ഥിച്ച സുരേഷ് ഗ്രൂപ്പുകളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റ് പദവിയില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടന്ന് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ് നേതൃത്വം.

പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടെയും പേര് മുന്നോട്ടുവയ്‌ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തീരുമാനമെങ്കിലും കെ.സുധാകരനോട് ഇരുവര്‍ക്കുമുള്ള കടുത്ത എതിര്‍പ്പ് മുതലെടുക്കാനാണ് കൊടിക്കുന്നിലിന്റെ ശ്രമം. കെ.സുധാകരനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയിട്ടുണ്ട്.

ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിലുള്ള അമര്‍ഷം ഇതുവരെയും മാറിയിട്ടുമില്ല. മാത്രമല്ല എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ പാര്‍ട്ടിയുടെ താഴെത്തട്ട് ചലിപ്പിക്കാനുമാകില്ലെന്ന സംശയം എഐസിസി നേതൃത്വത്തിനുണ്ട്.

ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം തേടാനിടയുള്ളതിനാല്‍ ഇരുവരുടെയും പിന്തുണ തേടാനുള്ള ശ്രമത്തിലാണ് കൊടിക്കുന്നില്‍. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ നാണം കെട്ടതുകൊണ്ട് ഇനി ആരുടെയും പേര് പറയാനില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി പുതിയ പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ ഇതുവരെ ആരില്‍ നിന്നും അഭിപ്രായവും തേടിയിട്ടില്ല.

ലോക്ഡൗണിന് ശേഷം കേരളത്തിന്റ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മൂന്ന് സെക്രട്ടറിമാരും കേരളത്തിലെത്തും. സംഘടന തലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനാണിത്. അതിന് മുന്‍പ് പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണ് നീക്കം.

ഇതിനിടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി ഉമ്മന്‍ ചാണ്ടിയെ അവസാനഘട്ടത്തില്‍ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചതിനെതിരെ എ ഗ്രൂപ്പ് രംഗത്തെത്തി. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ഗ്രൂപ്പ് നേതാവും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ കെ.സി.ജോസഫ് പറഞ്ഞു.

രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത വന്ന സ്ഥിതിക്ക് അദ്ദേഹമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. കത്തുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്.

ഭൂരിപക്ഷ വോട്ടുകളല്ല പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പിനിടെ സംഘടനാപരമായ പ്രശ്‌നമുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്പിള്‍ ഷൂട്ടറായി ഓടിയെത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നും കെ.സി ജോസഫ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.