ചെറുപുഴ: കോവിഡ് ബാധിച്ച് മരിച്ച വീട്ടുജോലിക്കാരന്റെ മൃതദേഹം കുടുംബക്കല്ലറയില്‍ അടക്കി ഒരു കുടുംബം. കഴിഞ്ഞദിവസം കോഴിക്കോട് ആസ്പത്രിയില്‍ മരിച്ച ദേവസ്യയുടെ (71) മൃതദേഹമാണ് പുളിങ്ങോം രാജഗിരി സെയ്ന്റ് അഗസ്റ്റ്യന്‍ പള്ളിയിലെ കളപ്പുരയ്ക്കല്‍ കുടുംബത്തിന്റെ കല്ലറയില്‍ നടത്തിയത്.
പരേതരായ കളപ്പുരയ്ക്കല്‍ മൈക്കിളിനേയും ഭാര്യ ത്രേസ്യാമ്മയെയും അടക്കം ചെയ്തിരിക്കുന്നത് ഈ കല്ലറയിലാണ്. ഇവരുടെ 10 മക്കള്‍ ചേര്‍ന്ന് തങ്ങളുടെ കുടുംബാംഗം പോലെയായിരുന്ന ദേവസ്യയെ ഇതേ കല്ലറയില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നടുവില്‍ സ്വദേശിയായ ദേവസ്യ ചെറുപ്രാത്തിലാണ് മൈക്കിളിന്റെ വീട്ടില്‍ ജോലിക്ക് വന്നത്. വീട്ടുകാരുടെ പ്രിയപ്പെട്ടവനായ ദേവസ്യ ക്രമേണ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ദേവസ്യാപ്പിയായി. ഏഴുകൊല്ലം മുമ്പ് ത്രേസ്യാമ്മ മരിച്ചശേഷം മൈക്കിളും ദേവസ്യയും മാത്രമായി. രണ്ടുകൊല്ലം മുമ്പ് മൈക്കിളും മരിച്ചതോടെ ദേവസ്യ തനിച്ചായി. ദേവസ്യയെ നന്നായി നോക്കണമെന്ന് മൈക്കിള്‍ മരണവേളയില്‍ മക്കളെ പറഞ്ഞേല്‍പ്പിച്ചിരുന്നു. അവിവാഹിതനായ ദേവസ്യ മൈക്കിളിന്റെ കാലശേഷം കുറച്ചുകാലം ഈ വീട്ടില്‍ താമസിച്ചു.
തനിച്ച് താമസം ബുദ്ധിമുട്ടായപ്പോള്‍ താബോറിലെ സ്‌നേഹഭവനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കരുവന്‍ചാലിലെ അഗതിമന്ദിരത്തില്‍ പ്രത്യേകം മുറിതന്നെ ഒരുക്കി കുടുംബം അദ്ദേഹത്തെ സംരക്ഷിച്ചു. മാസംതോറും 10,000 രൂപയും നല്‍കി. പലവിധ രോഗങ്ങള്‍ അലട്ടിയപ്പോള്‍ കണ്ണൂര്‍ തണല്‍ സ്‌നേഹവിട്ടീലേക്ക് മാറ്റി.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. കുടുംബക്കല്ലറയില്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം സംസ്‌കരിക്കാന്‍ മക്കളായ ജോണി, മേഴ്‌സി, സോഫിയ, പൊന്നമ്മ, ഡെയ്‌സി, രാരിച്ചന്‍, ഷാജി, ബെനോച്ചന്‍, ബിനോളി, മിനിമോള്‍ എന്നിവര്‍ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.