ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കാനാണ് അഡ്മിനിസ്‌ട്രേറ്ററുടെ ശ്രമമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലക്ഷദ്വീപില്‍ നടക്കുന്നത് കോളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ്. സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ട് വന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തെ അറബിക്കടലില്‍ എറിയണമെന്ന് പ്രമേയത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശവും ഉപജീവന മാര്‍ഗവും പുതിയ പരിഷ്‌കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

അന്തരിച്ച മുന്‍ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ, ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ അംഗവും കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുമായ കെ ആര്‍ ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സഭ ചരമോപചാരമര്‍പ്പിച്ചു.

പ്രമേയം പാസാക്കിയ ശേഷം നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ആരംഭിച്ചു. കെ.കെ ശൈലജയാണ് പ്രമേയം അവതരിപ്പിച്ചത്. ഇതാദ്യമായാണ് ഒരു വനിത നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനമെന്നും വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടുവെന്നും കെ കെ ശൈലജ പറഞ്ഞു. ചര്‍ച്ച തുടരുകയാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.