തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച അശോക് ചവാന്‍ സമിതി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറി. തളര്‍ന്നുപോയ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചില നിര്‍ണായക നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. അമിത ആത്മവിശ്വാസം തിരിച്ചടിയായി. അണികളുടെ വിശ്വാസം നേടാന്‍ നേതൃത്വത്തിനായില്ല. ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്നും നേതൃത്വം ദുര്‍ബലമെന്ന പ്രതീതിയുണ്ടായെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ നേതൃമാറ്റം ഉള്‍പ്പടെ സമഗ്ര അഴിച്ചുപണി വേണമെന്നാണ് ശുപാര്‍ശ.
ഇന്നലെ രാത്രി കൈമാറിയ റിപ്പോര്‍ട്ട് പ്രവര്‍ത്തക സമിതി പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്ര അഴിച്ചു പണിയുണ്ടാകും. കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവര്‍ത്തക സമിതിയോഗം അശോക് ചവാന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. രണ്ടാഴ്ചക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല.
ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയും അഭിമുഖങ്ങളിലൂടെയുമാണ് കമ്മിറ്റി വിവരങ്ങള്‍ ആരാഞ്ഞത്. എം എല്‍ എമാര്‍, എം പിമാര്‍, മറ്റ് ജനപ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നിരീക്ഷകര്‍ എന്നിവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തിയത്.
അതിനിടെ, അധ്യക്ഷ സ്ഥാനത്തേക്ക് ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച് രഹസ്യ സര്‍വേ നടത്തുന്നുണ്ടെന്നും അതിനുശേഷമായിരിക്കും അധ്യക്ഷനെ നിയമിക്കുകയെന്നുമാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.
നേതാക്കളില്‍ കെ സുധാകരനാണ് മുന്‍തൂക്കമുളളത്. പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ആരാകണം കെപിസിസി അധ്യക്ഷന്‍ എന്നതില്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.