നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന് ; വിചാരണ നേരിട്ടത് ദിലീപ് ഉൾപ്പെടെ പത്ത് പേർ

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന് ; വിചാരണ നേരിട്ടത് ദിലീപ് ഉൾപ്പെടെ പത്ത് പേർ

കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിൽ അന്തിമ വിധി ഇന്ന്. ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നതിലൂടെ കുപ്രസിദ്ധി നേടിയ കേസിൽ നടൻ ദിലീപ് അടക്കം പത്ത് പേരാണ് പ്രതികൾ. എറണാകുളം സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക. 2017 ഫെബ്രുവരി 17 ന് ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്.

ഒന്നാം പ്രതി പൾസർ സുനിയും സംഘവും വാഹനാപകടം സൃഷ്ടിച്ച് നടിയുടെ കാർ തടഞ്ഞുനിർത്തി. തുടർന്ന് ഇടപ്പള്ളി, കാക്കനാട് ഭാഗത്തേക്ക് വാഹനം വഴി തിരിച്ചുവിടുകയും ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഏപ്രിൽ 18 തന്നെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഗൂഢാലോചന സംബന്ധിച്ച രണ്ടാം ഘട്ട അന്വേഷണത്തിലാണ് 2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലാകുന്നത്. 2017 ഒക്ടോബർ മൂന്നു വരെ ദിലീപ് ജയിലിൽ. 85 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിച്ചതോടെ പുറത്തേക്ക്.

ഒരു വർഷത്തിന് ശേഷം 2018 മാർച്ച് എട്ടിന് കേസിലെ വിചാരണ നടപടികൾക്ക് തുടക്കമായി. 2020 ജനുവരി ആറിന് പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നീ പ്രതികൾക്കെതിരെ വിചാരണയുടെ ഭാഗമായി കുറ്റം ചുമത്തി. 2020 ജനുവരി 30 ന് സാക്ഷി വിസ്താരം ആരംഭിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിചാരണ നടത്തിയത്.

വിചാരണാ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയെങ്കിലും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി. ഇതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം നടത്തി. ദിലീപിന്റെ സുഹ്യത്ത് ശരത്തിനെ പ്രതി ചേർത്തു.

തുടരന്വേഷണത്തിനായി നിർത്തിവെച്ച വിചാരണ 2022 നവംബറിൽ പുനരാരംഭിച്ചു. 2024 ഡിസംബർ 11ന് കേസിൽ അന്തിമവാദം ആരംഭിച്ചു. 2025 ഏപ്രില്‍ ഏഴിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. 2025 ഏപ്രില്‍ ഒമ്പതിന് പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂര്‍ത്തിയായി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.