തലസ്ഥാനമടക്കം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദ പ്രചാരണം

തലസ്ഥാനമടക്കം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം : നീണ്ട ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതൽ എറണാകുളം വരെ 11,168 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ നിശബ്ദപ്രചരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനാണ് മുന്നണികളുടെയും സ്ഥാനാർഥികളുടെയും ശ്രമം.

തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പായ നാളെ രാവിലെ ആറിന്‌ മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ വോട്ടെടുപ്പ്‌. പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമസ്ഥലം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയവ ഏർപ്പെടുത്തും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.

വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ തടസപ്പെടുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ട ലംഘനം, കള്ളവോട്ട് ചെയ്യൽ, ആൾമാറാട്ടം, പോളിങ് ബൂത്തിൽ അതിക്രമം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ, തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമീഷണർ അറിയിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ആറ് മാസം മുമ്പ്‌ ദേശസാൽകൃതബാങ്കുകൾ നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ പാസ്പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.