വീട് നിര്‍മിക്കാന്‍ കേന്ദ്രം നല്‍കിയ 195.82 കോടി സംസ്ഥാനം നഷ്ടമാക്കിയെന്ന് എ.ജി

വീട് നിര്‍മിക്കാന്‍ കേന്ദ്രം നല്‍കിയ 195.82 കോടി സംസ്ഥാനം നഷ്ടമാക്കിയെന്ന് എ.ജി

തിരുവനന്തപുരം:'പ്രധാനമന്ത്രി ആവാസ് യോജന' നടത്തിപ്പിലെ വീഴ്ചകാരണം വീട് നിര്‍മിക്കാന്‍ കേന്ദ്രസഹായമായ 195.82 കോടി രൂപ സംസ്ഥാനം നഷ്ടമാക്കിയെന്ന് എ.ജി റിപ്പോര്‍ട്ട്. 2016-18 കാലയളവിലെ കേന്ദ്രസഹായമാണ് സമയബന്ധിതമായി പദ്ധതി നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തിന് നഷ്ടമായത്.

2016-17ല്‍ 32,559 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍ 13,326 വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഒന്നാംഘട്ടം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ന്നുള്ള കേന്ദ്രസഹായം നഷ്ടമായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ പദ്ധതി നടത്തിപ്പില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിര്‍ദിഷ്ടമാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു. 42,431 വീടുകള്‍ നിര്‍മിക്കാനായിരുന്നു കേന്ദ്രപദ്ധതിയെങ്കിലും 2016-19 കാലയളവില്‍ 16,101 വീടുകള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.

മാത്രമല്ല, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് തെറ്റുപറ്റി. പട്ടികയില്‍പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45,409 പേര്‍ അര്‍ഹതയില്ലാത്തവരായിരുന്നു. ഭൂരഹിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി അനുവദിക്കേണ്ടിയിരുന്നു. ഇതിന് കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകള്‍ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിര്‍മിച്ചത്.

കിടപ്പുരോഗികള്‍, പ്രായമായവര്‍ തുടങ്ങി അവശവിഭാഗത്തില്‍ പെട്ടവര്‍ക്ക് പഞ്ചായത്തുകള്‍ വീട് വെച്ചു നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതിന് പഞ്ചായത്തുകള്‍ തയ്യാറാകാത്തതിനാല്‍ 393 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. 275 വീടുകളില്‍ ശൗച്യാലയങ്ങള്‍, കുടിവെള്ളം, പാചകവാതകം, വൈദ്യുതി എന്നിവ ഇല്ലായിരുന്നു. ഈ സൗകര്യങ്ങള്‍ ഒരുക്കുന്ന മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി സംയോജിപ്പിച്ച് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചപറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.