മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഗാനശുശ്രൂഷകൻ രാജേഷ് ചാക്യാർ അന്തരിച്ചു

മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഗാനശുശ്രൂഷകൻ രാജേഷ് ചാക്യാർ അന്തരിച്ചു

തൃശൂർ: നിരവധി കുടുംബങ്ങളിലെ നിറസാന്നിധ്യമായിരുന്ന മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ശക്തനായ പ്രവർത്തകനും ഗാനശുശ്രൂഷകനുമായി സേവനമനുഷ്ഠിച്ച രാജേഷ് ചാക്യാർ (46) അന്തരിച്ചു. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഇന്നലെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് ആറുമണിക്ക് അദ്ദേഹം മരണത്തിന് കീഴടങ്ങി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഡിവൈൻ ധ്യാനകേന്ദ്രങ്ങളിൽ ദീർഘനാൾ ശുശ്രൂഷകനായിരുന്ന രാമൻ ചാക്യാരുടെ മകനാണ്. അമ്മ: സുഭദ്രാ ചാക്യാർ. ഭാര്യയും രണ്ടു മക്കളുമുണ്ട്.

ഡിവൈൻ ധ്യാനകേന്ദ്രത്തിലെ അനുഗ്രഹീതൻ അന്തരിച്ച ആന്റണി ഫെർണാണ്ടസിന്റെ കൈപിടിച്ച് ഒരു കൊച്ചു അനിയനെ പോലെ രാജേഷ് ഡിവൈൻ ധ്യാന കേന്ദ്രത്തിലെ സ്റ്റേജുകളിലാണ് തന്റെ സംഗീത പരിശീലനം തുടങ്ങിയത്. പിന്നീട് ഗായകനും ടിവി ഷോയിലെ അവതാരകനുമായി അദ്ദേഹം ഉയർന്നു. ഗുഡ്നെസ് ടെലിവിഷനിലെ അവതാരകൻ, പ്രോഗ്രാം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നതിനോടൊപ്പം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആത്മീയ ശുശ്രൂഷകളും തുടർന്ന് പോന്നു.

ക്രൈസ്തവ മൂല്യങ്ങളെയും വിശ്വാസത്തെയും അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു രാജേഷ് ചാക്യാർ. ക്രൈസ്തവ വിശ്വാസം അനേകരിലേക്ക് പകർന്നുനൽകുവാനും ദൈവവചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിനു രാജേഷിന് മാതൃകയും വഴികാട്ടിയുമായിരുന്നുത് ബ്രദർ ആന്റണി ഫെർണാണ്ടസ് ആയിരുന്നു.

അദ്ദേഹത്തിന്റെ മരണം രാജേഷിനെ വളരെയധികം തളർത്തിയിരുന്നു. 'വേദിയിൽനിന്ന് പാടുന്ന ഓരോ സമയവും പതിനായിരങ്ങൾ കൈയ്യടിച്ചു കൊണ്ട് യേശുവേ നന്ദി, യേശുവേ സ്തുതി എന്ന് ആർത്തു വിളിക്കുകയാണ്. ഈ സമയം സഹ ശുശ്രൂഷകനായി ഞാൻ അദ്ദേഹത്തിനൊപ്പം പാടുന്നുണ്ട്. പാടി അനുഭവിച്ചറിഞ്ഞു എത്രയോ ലക്ഷക്കണക്കിന് ആളുകൾക്ക് അദ്ദേഹം ദൈവത്തെ കൊടുത്തു, അവരുടെയൊക്കെ ഹൃദയത്തിൽ വചനത്തിന്റെ വിത്തിട്ടു' എന്ന് രാജേഷ് ചാക്യാർ ബ്രദർ ആന്റണി ഫെർണാണ്ടസ് നെക്കുറിച്ച് ഒരിക്കൽ പരാമർശിക്കുകയുണ്ടായി.

വിശ്വാസ തീഷ്ണതയിൽ അനേകർക്ക് പ്രത്യാശ പകർന്ന ശുശ്രൂഷകനായിരുന്നു രാജേഷ് ചാക്യാരെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.