കൊടകര കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; സി.കെ ജാനുവിന് പണം നല്‍കിയിട്ടില്ല: വിശദീകരണവുമായി കെ.സുരേന്ദ്രന്‍

കൊടകര കുഴല്‍പ്പണവുമായി ബിജെപിക്ക് ബന്ധമില്ല; സി.കെ ജാനുവിന് പണം നല്‍കിയിട്ടില്ല: വിശദീകരണവുമായി കെ.സുരേന്ദ്രന്‍

കോഴിക്കോട്: കൊടകരയില്‍ പിടികൂടിയ കുഴല്‍പ്പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപിയെപ്പറ്റി കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്നത്. കൊടകരയില്‍ നടന്ന പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് അര്‍ധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളും നടക്കുന്നതെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടിലാക്കുകയാണ്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്. ഇവര്‍ക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായിട്ടുണ്ട്. കോടതിയെ സമീപിക്കുകയോ നെഞ്ചുവേദന വരുകയോ ചെയ്തില്ല. ഇന്നേവരെ ഒരു തരത്തിലും നിസഹകരണം ഉണ്ടായിട്ടില്ല.

പോലീസിന്റെ ഏത് അന്വേഷണത്തോടും സഹകരിക്കും. ഏത് നേതാക്കന്‍മാരെ വിളിപ്പിച്ചാലും ഇതായിരിക്കും ബിജെപിയുടെ നിലപാട്. കേരള പോലീസ് ആണെന്നറിഞ്ഞിട്ടാണ് സഹകരിച്ചത്. മൂന്നര കോടി രൂപയുടെ പണം കവര്‍ന്നെന്നാണ് പോലീസ് പറയുന്നത്. ഇരുപതിലധികം പ്രതികളെ അറസ്റ്റു ചെയ്തു. എന്തുകൊണ്ട് ബാക്കി തുക കണ്ടെത്താന്‍ കഴിയുന്നില്ല? എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ല?

കൊടകര കുഴല്‍പ്പണം വിവാദം കെ.സുരേന്ദ്രനിലേക്ക് നീണ്ട പശ്ചത്തലത്തിലാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. ബിജെപിയില്‍ ചേരാന്‍ സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയതായി ജെ.ആര്‍.എസ് ട്രഷറര്‍ പ്രസീതയുടെ പേരില്‍ ശബ്ദരേഖ പുറത്തു വന്നിരുന്നു.

പത്ത് ലക്ഷം രൂപ നല്‍കിയാല്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയാകാമെന്ന് സമ്മതിച്ചതായി പ്രസീത പറയുന്നതും ഇതനുസരിച്ച് പണം കൈമാറാമെന്ന് കെ. സുരേന്ദ്രന്‍ മറുപടി നല്‍കുന്നതുമാണ് സംഭാഷണത്തിലുണ്ടായിരുന്നത്. ഈ ഫോണ്‍ സംഭാഷണം ശരിയാണെന്നും താന്‍ കെ. സുരേന്ദ്രനോടാണ് സംസാരിച്ചതെന്നും പ്രസീത പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യവും സുരേന്ദ്രന്‍ നിക്ഷേധിച്ചു. സി.കെ ജാനുവുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നുമാണ് സുരേന്ദ്രന്റെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.