കാലിഫോര്‍ണിയ: കോവിഡിനെതുടര്‍ന്നുള്ള ലോക്ഡൗണ്‍ മൂലം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ വിമാനങ്ങള്‍ക്കും ഉപയോഗമില്ലാതായി. അനങ്ങാതെ പൊടിപിടിച്ചുകിടക്കുന്ന വിമാനങ്ങള്‍ പല ജീവികളുടെയും വാസസ്ഥലമാണ്.
കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമിയില്‍ കിടന്ന ക്വാണ്ടസ് വിമാനങ്ങള്‍ വിഷപ്പാമ്പുകളുടെയും തേളുകളുടെയും പ്രാണികളുടെയും സുഖവാസകേന്ദ്രമാണ്. അറ്റകുറ്റപ്പണിക്കായി ലോസ് ഏഞ്ചല്‍സില്‍ നിന്ന് എന്‍ജിനീയര്‍മാര്‍ എത്തുംവരെ. പാമ്പുകളെയും തേളുകളെയും ഓടിക്കാന്‍ പുതിയ മാര്‍ഗങ്ങളുമായാണ് എന്‍ജിനീയര്‍മാര്‍ എത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ ഇവര്‍ വികസിപ്പിച്ചെടുത്ത ഉപകരണമാണ് വീല്‍ വാക്കര്‍.
വിമാനത്തിന്റെ റബ്ബര്‍ ടയറുകളുടെ പരുപരുത്ത പ്രതലത്തിലും ചക്രങ്ങളിലും ചുറ്റിക്കിടക്കാന്‍ പാമ്പുകള്‍ ഇഷ്ടപ്പെടുന്നു. ഈ മരുഭൂമി വിഷപ്പാമ്പുകള്‍ക്ക് പ്രശസ്തമാണെന്ന് വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കെത്തിയ എന്‍ജിനീയറിംഗ് മാനേജര്‍ ടിം ഹേവുഡ് പറഞ്ഞു. വിമാനങ്ങള്‍ സര്‍വീസിനു തയാറാകുന്നതുവരെ എല്ലാ ആഴ്ചകളിലും അറ്റകുറ്റപ്പണി നടത്തണം. അതിനുവേണ്ടി രണ്ടു മണിക്കൂര്‍ അകലെയുള്ള ലോസ് ഏഞ്ചല്‍സിലെ വ്യോമതാവളത്തില്‍ നിന്ന് എത്തിയപ്പോഴാണ് ക്വാണ്ടസ് എ 380 എന്ന വിമാനത്തിന്റെ പല ഭാഗങ്ങളിലായി പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഭയാനകമായ കാഴ്ച്ച എന്‍ജിനീയര്‍മാര്‍ കാണുന്നത്. ചൂലിന്റെ മാതൃകയിലുള്ള വീല്‍വാക്കര്‍ ഉപയോഗിച്ച് പാമ്പുകളെ ഭയപ്പെടുത്തിയാണ് ഓടിക്കുന്നത്.
വിമാനത്തിലെ വിടവുകളില്‍ കൂടുണ്ടാക്കിയ പക്ഷികളെയും പ്രാണികളെയും തുരത്തിയെങ്കിലും കാണാമറയത്ത് ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ കണ്ടെത്തുകയാണ് വെല്ലുവിളി. വിമാനത്തിനു ചുറ്റും നടന്ന് വീല്‍വാക്കര്‍ ഉപയോഗിച്ച് തട്ടി പാമ്പുകളെ പുറത്തെത്തിച്ചു. പുറത്തുചാടിയ പാമ്പുകളെ സുരക്ഷിതമായി തിരിച്ചയച്ചു.
കോവിഡ് കാലത്ത് സര്‍വീസുകള്‍ കുറഞ്ഞതോടെ നിരവധി വിമാനങ്ങളാണ് മൊജാവേ മരുഭൂമിയില്‍ വന്നുകിടക്കുന്നത്. വരണ്ട ചൂടും ഈര്‍പ്പം കുറവായതിനാലും വിമാനങ്ങള്‍ സൂക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് മരുഭൂമികള്‍. ക്വാണ്ടസ് എ 380 വിമാനം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്കു സര്‍വീസ് നടത്തില്ലെന്ന് എന്‍ജിനീയര്‍മാര്‍ അറിയിച്ചു.
വ്യോമയാന മേഖലയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വളരെ വിചിത്രമായിരുന്നുവെന്ന് ടിം ഹേവുഡ് പറഞ്ഞു. പ്രത്യേകിച്ചും എ 380 പോലുള്ള വലിയ വിമാനങ്ങള്‍ 24 മണിക്കൂറിലധികം ഭൂമിയില്‍ ചെലവഴിക്കാറില്ല. അത്ര തിരക്കേറിയ ഷെഡ്യൂളിലാണ് ഈ വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക വിദ്യ വളരെ സങ്കീര്‍ണമായ ഇത്തരം വിമാനങ്ങള്‍ എല്ലായിടത്തും ഇറക്കാനും സൂക്ഷിക്കാനും കഴിയില്ലെന്നും ഹേവുഡ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.