നികുതി വര്‍ധനവില്ലാത്ത 'ആരോഗ്യ' ബജറ്റ്: കര്‍ഷകര്‍ക്കും പ്രവാസികള്‍ക്കും തീരദേശത്തിനും കരുതല്‍

നികുതി വര്‍ധനവില്ലാത്ത 'ആരോഗ്യ' ബജറ്റ്: കര്‍ഷകര്‍ക്കും പ്രവാസികള്‍ക്കും തീരദേശത്തിനും കരുതല്‍

തിരുവനന്തപുരം: പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ കോവിഡ് പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.

സംസ്ഥാത്തെ കോവിഡ് പ്രതിസന്ധി നേരിടാന്‍ ബജറ്റില്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി അനുവദിച്ചിട്ടുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കും. ഒരു കേന്ദ്രത്തിനു മൂന്ന് കോടി ചെലവുവരും. 636.5 കോടി രൂപ ആകെ ചെലവു വരുമെന്നും ധനമന്ത്രി പറഞ്ഞു.

സൗജന്യവാക്സിന്‍ എല്ലാവര്‍ക്കും എത്രയും വേഗം ലഭ്യമാക്കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി. വാക്സിന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും.

തീരദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും തീര സംരക്ഷണത്തിനും 5300 കോടി ചെലവാക്കും. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.

പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളജിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി അനുവദിച്ചു. പീഡിയാട്രിക് ഐസിയു കിടക്കള്‍ വര്‍ധിപ്പിക്കും. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.

വികസനം ലക്ഷ്യമിടുന്ന പോസ്റ്റീവ് ബജറ്റാണിതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കും. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുക്കും. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക-വ്യവസായ-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനു 1600 കോടിരൂപ നീക്കിവച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലൂടെ 1000 കോടി രൂപയുടെ വായ്പ നല്‍കും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ നാല് ശതമാനം പലിശയ്ക്കു ലഭ്യമാക്കും. ഇതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്.

റബ്ബര്‍ കര്‍ഷകര്‍ക്കു കൊടുത്തുതീര്‍ക്കാനുള്ള സബ്സിഡി കുടിശിക കൊടുക്കാനായി 50 കോടിരൂപ വകയിരുത്തി. കുടുംബശ്രീ ഉപജീവന പാക്കേജിന്റെ വിഹിതം 100 കോടിയായി ഉയര്‍ത്തി. വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള നോളജ് ഇക്കോണമി ഫണ്ട് 200 കോടിയില്‍നിന്ന് 300 കോടിയായി ഉയര്‍ത്തി.

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നല്‍കും. പലിശ ഇളവ് നല്‍കുന്നതിനായി 25 കോടി വകയിരുത്തി. കെഎഫ്‌സിയുടെ വായ്പ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 10,000 കോടിയായി ഉയര്‍ത്തും. ഈ വര്‍ഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും.

കെഎഫ്‌സിയില്‍നിന്ന് വായ്പ എടുത്ത് 2020 മാര്‍ച്ചുവരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകര്‍ക്ക് 20 ശതമാനം വായ്പകൂടി അധികമായി നല്‍കും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും.

ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് മാര്‍ക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസം പുനരുജ്ജീവന പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ അനുവദിച്ചു. വില്ലേജ് ഓഫിസുകള്‍ എല്ലാം സ്മാര്‍ട്ടാക്കും.

കോവിഡ് കാരണം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി അഞ്ച് കോടി രൂപ വകയിരുത്തി. കെ.ആര്‍.ഗൗരിയമ്മയ്ക്കും ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിര്‍മിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തി.

കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക വിഹിതം 100 കോടിയായി ഉയര്‍ത്തി. 3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റും. ഇതിന് മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്. കലാ സാംസ്‌കാരിക മികവുള്ളവര്‍ക്ക് ബജറ്റില്‍ സഹായം പ്രഖ്യാപിച്ചു. 1500 പേര്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.