തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂർ സ്ഥാനാര്‍ത്ഥിയായിരുന്ന നടൻ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം പരിശോധിക്കുക.
തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ഹോട്ടല്‍ രജിസ്റ്ററിലെ വിവരങ്ങളും എത്ര പണം നല്‍കി തുടങ്ങിയ വിവരങ്ങളുമാണ് ശേഖരിച്ചത്.
അതേസമയം, കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബില്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം.
അതിനിടെ, കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതിയും ഇഡിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ സംശയ നിഴലിലുള്ള കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളില്‍ കാണിക്കുന്ന താല്‍പ്പര്യം കൊടകരയില്‍ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.