ഹൈക്കോടതി 'മുഹൂര്‍ത്തം' കുറിച്ച് വിവാഹം: താലികെട്ടിയ ദിവസം രാത്രിയില്‍ത്തന്നെ വരന്‍ വിമാനം കയറി

ഹൈക്കോടതി 'മുഹൂര്‍ത്തം' കുറിച്ച് വിവാഹം: താലികെട്ടിയ ദിവസം രാത്രിയില്‍ത്തന്നെ വരന്‍ വിമാനം കയറി

തൃശ്ശൂര്‍: ലോക്ഡൗണ്‍ വിവാഹത്തിന് വിലങ്ങുതടിയായപ്പോള്‍ വധൂവരന്‍മാര്‍ക്ക് തുണയായി 100 വര്‍ഷം മുമ്പുള്ള വിവാഹച്ചട്ടം. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ക്രിസ്ത്യാനികള്‍ക്കുമാത്രം ബാധകമായ1920-ലെ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
കോടതിയും ഒപ്പം നിന്നതോടെ വിവാഹം മംഗളമായി നടന്നു. താലികെട്ടിയ ദിവസം രാത്രിയില്‍ത്തന്നെ വരന്‍ വിമാനം കയറുകയും ചെയ്തു. വിവാഹം അവധി തീരുന്ന അവസാന ദിവസം ആയതോടെയാണ് വരന്‍ വെള്ളിയാഴ്ച രാത്രി തന്നെ അമേരിക്കയ്ക്കു വിമാനം കയറേണ്ടി വന്നത്.

പലതവണ മാറ്റിവെച്ച വിവാഹത്തിന് കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വെള്ളിയാഴ്ച 12.30-ന് കോടതി 'മുഹൂര്‍ത്തം' കുറിച്ചത്. വരന്‍ പൂഞ്ഞാറില്‍ പൂര്‍വബന്ധമുള്ള അമേരിക്കന്‍ സ്വദേശിയും ആമസോണ്‍ കമ്പനി ഉദ്യോഗസ്ഥനുമായ ഡെന്നീസ് ജോസഫ്. വധു ദന്തഡോക്ടറായ മാടക്കത്തറയിലെ ബെഫി ജീസണ്‍.

ഇരുവരുടെയും വിവാഹം ആദ്യം ഉറപ്പിച്ചത് 2019 മേയ് 19-ന്. അടുത്ത മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു തീരുമാനം. അതുപ്രകാരം ഡെന്നീസ് കേരളത്തിലെത്തിയെങ്കിലും ലോക്ഡൗണ്‍ കാരണം വിവാഹം നടന്നില്ല. അതോടെ 2021 മേയ് അഞ്ചിന് പുതിയ തീയതി കുറിച്ച് പിരിഞ്ഞു. ഇത്തവണ മേയ് ആദ്യംതന്നെ ഡെന്നീസ് എത്തിയെങ്കിലും വീണ്ടും ലോക്ഡൗണ്‍ ചതിച്ചു.

തുടര്‍ന്ന് രജിസ്റ്റര്‍വിവാഹത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഒരുമാസംമുമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നോട്ടീസ് നല്‍കണമെന്ന നിയമം വിലങ്ങുതടിയായി. മടക്കയാത്രയ്ക്ക് ഒരുമാസമില്ല. ഡെന്നീസ് ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ അഞ്ചരയ്ക്കുള്ള വിമാനത്തില്‍ മടക്കടിക്കറ്റ് ബുക്കുചെയ്തിരുന്നു. ഇതിനിടെയാണ് പ്രത്യേക വിവാഹച്ചട്ടത്തെക്കുറിച്ച് അറിഞ്ഞത്.

ദമ്പതിമാരിലൊരാള്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലുള്ള ക്രിസ്ത്യാനിയാണെങ്കില്‍ ഈനിയമപ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ അഞ്ചാം പ്രവൃത്തിദിനം വിവാഹം രജിസ്റ്റര്‍ചെയ്യാം. രജിസ്ട്രാര്‍ ക്രിസ്ത്യാനിയാവണം. കുട്ടനല്ലൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കാനെത്തിയെങ്കിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് മേയ് 25-ന് ആര്‍.ഡി.ഒ.യ്ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ നല്‍കി. പിന്നാലെ ഹൈക്കോടതിയെയും സമീപിച്ചു.

പിന്നെയും തടസങ്ങള്‍. ഈ വിവാഹച്ചട്ടപ്രകാരം ഓണ്‍ലൈനിലൂടെ അപേക്ഷ സ്വീകരിക്കില്ല. നേരിട്ട് അപേക്ഷ നല്‍കിയശേഷം സമീപിക്കാന്‍ കോടതി ഉത്തരവിട്ടു. മേയ് 31-ന് ആര്‍.ഡി.ഒ.യുടെ ഓഫീസില്‍ അപേക്ഷ നല്‍കി. സബ് രജിസ്ട്രാര്‍ ഓഫീസിലും അപേക്ഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ജൂണ്‍ ഒന്നിനാണ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കാനായത്. അതിനാല്‍ ജൂണ്‍ ഏഴിനേ വിവാഹം നടത്താനാകൂ.

ഇക്കാര്യം കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് വെള്ളിയാഴ്ച പത്തരയ്ക്ക് രേഖകളെല്ലാം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിക്കാനും അന്നുതന്നെ വിവാഹം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കാനും ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടത്. വധുവിന്റെ അമ്മ മേഴ്‌സിയും വരന്റെ കൂട്ടുകാരന്‍ കോതമംഗലത്തെ ഡോ. അഗസ്റ്റിനും സാക്ഷികളായി. കേസ് നടത്തിയ അഭിഭാഷകരായ ജിപ്‌സണ്‍ ആന്റണിയും ഫ്രാങ്ക്‌ളിന്‍ അറയ്ക്കലും കൂടെ ചേര്‍ന്നപ്പോള്‍ എല്ലാം ശുഭം.










വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.