കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഒന്നിനു പുറകെ മറ്റൊന്നായി പുറത്തു വരുന്ന അനധികൃത സാമ്പത്തിക ഇടപാടുകള്‍ ബിജെപിയെ വേട്ടയാടുന്നു.
മഞ്ചേശ്വരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് പിന്‍മാറാന്‍ ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലുമായി കെ.സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദര രംഗത്തെത്തി.15 ലക്ഷം ചോദിച്ചെങ്കിലും രണ്ടര ലക്ഷം രൂപയാണ് കിട്ടിയതെന്നും സുന്ദര വെളിപ്പെടുത്തി.
ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കൈയിലാണ് പണം കൊടുത്തത്. കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദ്ധാനം ചെയ്‌തെന്നും കെ.സുന്ദര പറഞ്ഞു. മഞ്ചേശ്വരത്തെ പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് അടക്കം ബിജെപി പണം നല്‍കിയെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുന്ദര എത്തിയിരിക്കുന്നത്.
2016ല്‍ വെറും 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. അന്ന് മത്സരിച്ച മൂന്നു സ്വതന്ത്രരില്‍ ഒരാളായ കെ.സുന്ദരയ്ക്ക് ലഭിച്ചത് 467 വോട്ടായിരുന്നു. കെ സുരേന്ദ്രന്‍, കെ.സുന്ദര എന്നീ പേരുകള്‍ തമ്മിലുള്ള സാമ്യം ഇത്രയേറെ തിരിച്ചടിയുണ്ടാക്കുമെന്ന് അപ്പോഴാണ് ബി ജെ പിയ്ക്ക് ബോദ്ധ്യമായത്. തുടര്‍ന്നാണ് അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും മഞ്ചേശ്വരത്ത് സുന്ദര അപരനായി മത്സരിക്കാനിറങ്ങിയതും നാടകീയമായി പിന്മാറിയതും. ഇത്തവണ 745 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.