ന്യൂഡല്‍ഹി: കുറച്ച് അകലെയാണെങ്കിലും ഒരു അഞ്ച് വയസുകാരിയുടെ നിസഹായവസ്ഥ അറിയുമ്പോള്‍ ഏതൊരു മനുഷ്യന്റെയും കരളലിയിക്കും. ആകാശത്ത് വിമാനം പറക്കുന്നത് കാണുമ്പോള്‍ അവള്‍ ഓടിച്ചെന്ന് കൗതുകത്തിനപ്പുറം പ്രതീക്ഷയോടെ കൈകള്‍ വീശുമായിരുന്നു. കാരണം അവളുടെ അച്ഛന്‍ പൈലറ്റാണ്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവളുടെ അടുത്തേയ്ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ ചോക്‌ളേറ്റുമായി വരുന്ന അച്ഛന്‍. അവളുടെ ഹീറോ. അമ്മയോടുള്ള പരിഭവങ്ങളും പിണക്കവും പറഞ്ഞ് ആശ്വാസം കൊണ്ട് ആ പിതാവിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുമ്പോള്‍ ലോകം പോലും അവളുടെ മുമ്പില്‍ ചെറുതാണ്. പക്ഷെ കുറച്ച് ദിവസമായി അവള്‍ അച്ഛനെ പ്രതീക്ഷിക്കുന്നു. വിശേഷങ്ങളാണെങ്കില്‍ ഒരുപാടുണ്ട് പറയാന്‍. അച്ഛനെ കാത്ത് ആ കുഞ്ഞുമിഴികള്‍ ദൂരേയ്ക്ക് പരതും. പക്ഷെ, ആ കൈകള്‍ ഇതുവരെ അവളെ പുണരാന്‍ എത്തിയില്ല.
ഇയിടെയായി അമ്മ അവളെ വഴക്ക് പറയാറില്ല. അവള്‍ വാശി പിടിച്ച് കരയുകയാണ്, അച്ഛന്‍ എന്താണ് വരാത്തതെന്ന് ചോദിച്ച്. അച്ഛന് പനി പിടിച്ച് ആശുപത്രിയിലാണെന്നാണ് അവളോട് അമ്മ പറഞ്ഞത്. പക്ഷെ എത്ര ദിവസമായി, ഈ അച്ഛന് ഇനി വന്നുകൂടെ എന്നാണ് അവളുടെ സംശയം. കോളിങ് ബെല്ല് ഒന്ന് അടിച്ചാലോ, ഒരു വാഹനത്തിന്റെ ശബ്ദം അകലെ നിന്ന് കേട്ടാലോ അവള്‍ ഓട് വാതില്‍ക്കല്‍ എത്തും. പ്രതീക്ഷയോടെ അച്ഛനെ തിരയും. ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം ഒത്തിരി സമ്മാനങ്ങളുമായി അച്ഛന്‍ സ്‌നേഹത്തോടെ വാരി പുണരുമെന്ന പ്രതീക്ഷയില്‍ നിറമുള്ള സ്വപ്‌നങ്ങള്‍ കാണുകയാണ് ആ കുരുന്ന്. പക്ഷെ, അവളുടെ അച്ഛന്‍ ഇനി ഒരിക്കലും മടങ്ങി വരാത്ത അത്ര അകലത്തിലേയ്ക്ക് പോയി എന്ന് അവള്‍ക്ക് അറിയില്ല. അച്ഛന്റെ വേര്‍പാട് ആ കുഞ്ഞ് ഹൃദയത്തിന് താങ്ങാനാവില്ല. പൈലറ്റായ അവളുടെ അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചിട്ട് പത്ത് ദിവസത്തോളമായി.
എയര്‍ ഇന്ത്യ പൈലറ്റായ ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരിയുടെ മരണം കുടുംബത്തിന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. അദ്ദേഹത്തിന്റെ മരണ വിവരം ഇതുവരെയും മകളെ അറിയിച്ചിട്ടില്ലെന്ന് ഭാര്യ മൃദുസ്മിത ദാസ് തിവാരി പറയുന്നു. 37കാരനായ ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരിയുടെ വേര്‍പാട് ഒരു കുടുംബത്തെ മുഴുവന്‍ അനാഥമാക്കിയിരിക്കുകയാണ്.
വിമാന ജോലിക്കാരെ കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിച്ചിരുന്നെങ്കില്‍ വാക്‌സീന്‍ ലഭിക്കുകയും അദ്ദേഹം രോഗം ബാധിച്ചു മരിക്കുകയില്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. 2016ല്‍ ആണ് ക്യാപ്റ്റന്‍ തിവാരി എയര്‍ ഇന്ത്യയില്‍ ചേര്‍ന്നത്. 'ഭര്‍ത്താവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഞാനിപ്പോള്‍ ഹരിദ്വാറിലാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പ്രായമായവരാണ്. ഞങ്ങള്‍ക്ക് അഞ്ചു വയസ്സുള്ള മകളുണ്ട്. ഞങ്ങള്‍ ജീവിതം തുടങ്ങിയതേയുള്ളൂ. അച്ഛന്‍ തിരിച്ചുവരുന്നതു കാത്തിരിക്കുകയാണ് അവള്‍. അച്ഛന്‍ ആശുപത്രിയിലാണെന്ന് അവള്‍ക്കറിയാം. എന്താണിത്ര സമയം എടുക്കുന്നതെന്ന് എന്നോടു ചോദിക്കുന്നു. അച്ഛനില്ലാതെ അവള്‍ക്കു കഴിയാനാകില്ല' കരച്ചിലടക്കാനാകാതെ മൃദുസ്മിത ദാസ് ദേശീയ മാധ്യമത്തോടു പറഞ്ഞ വാക്കുകളാണിത്.
മകളുടെ കുസൃതിയും വാശിയും നിയന്ത്രിക്കാന്‍ പറ്റാതെ വരികയാണ്, കുഞ്ഞിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആ അമ്മയ്ക്ക് ഉത്തരമില്ല. ഏത് സാഹചര്യത്തില്‍ ആ യാഥാര്‍ത്ഥ്യം അവള്‍ മകളെ അറിയിക്കും. അതോ എല്ലാം മനസ്സിലാക്കുന്ന കാലം വരെ അവള്‍ ഒളിച്ചു കളിക്കുമോ. ആ തിരിച്ച്‌റിവ് ഉണ്ടാകുന്ന നിമിഷം ആ കുഞ്ഞ് എങ്ങനെ ഉള്‍ക്കൊള്ളും. ഇത്തരം അവസ്ഥകള്‍ ഉണ്ടാകാതിരിക്കട്ടെ എന്ന് പറയുമ്പോഴും എവിടെയെല്ലാം ആര്‍ക്കൊക്കെ നഷ്ടങ്ങള്‍ ഉണ്ടായി എന്ന് വ്യക്തയില്ലാത്ത അവസ്ഥ.
കോവിഡ് മഹാമാരി ലോകത്ത് ആഞ്ഞു വീശിയപ്പോള്‍ നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍ക്ക് കണക്കില്ല. ഒരോ ദിവസവും മരണ നിരക്ക് കേട്ട് തള്ളിക്കളയുമ്പോള്‍ നഷ്ടപ്പെട്ടവന്റെ വേദന നമ്മാളാരും ഓര്‍ക്കാറില്ല. അല്ലെങ്കിലും നമ്മള്‍ എന്തിന് ഓര്‍ക്കണം. നഷ്ടം നമ്മുക്കല്ലല്ലോ. മാതാപിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ടു, മക്കള്‍ക്ക് മാതാപിതാക്കള്‍ ഇല്ലാതായി. അങ്ങനെ എന്തെല്ലാം നഷ്ടങ്ങള്‍.
കോവിഡിന്റെ നഷ്ടങ്ങള്‍ ശരിക്കും കുഞ്ഞുങ്ങള്‍ക്കാണ്. അവര്‍ക്ക് കളിക്കൂട്ടുകാരില്ല. ഉല്ലാസ യാത്രകള്‍, നിറമുള്ള സ്‌ക്കൂള്‍ കാഴ്ചകള്‍, അവരുടെ സ്വാതന്ത്ര്യം എല്ലാം നഷ്ടമായി. മാസ്‌ക്കിട്ട് കൈ കഴുകി അകലം പാലിച്ചുള്ള ജീവിതം. ഇതാണ് ഭൂമിയിലെ ജീവിതം എന്ന് കരുതേണ്ടി വരുന്ന ഒരു തലമുറ. ഭൂമിയിലെ നിറമുള്ള കാഴ്ചകള്‍ മൂടപ്പെട്ടിരിക്കുന്നു.
മൃദുസ്മിത ദാസ് മാത്രമല്ല ഇങ്ങനെ കോവിഡ് ഒറ്റപ്പെടുത്തിയ ജീവിതത്തിന് ഇരയായിരിക്കുന്നത്. ഇത്തരം അനുവങ്ങളുള്ള ഒരുപാട് ജീവിതങ്ങള്‍ ലോകത്തിന്റെ പലകോണുകളിലും ഉണ്ട്. നഷ്ടങ്ങള്‍ 'എനിക്ക്' ഉണ്ടാകുമ്പോള്‍ മാത്രം തിരിച്ചറിയുന്ന വേദന. ചുറ്റാപാടും ഒന്ന് കണ്ണോടിച്ചാല്‍ ഈ ലോക ജീവിതം എത്ര നശ്വരമാണെന്ന് നമ്മുക്ക് മനസ്സിലാകും. ഇനിയും അറിയപ്പെടാത്ത എത്രയോ ജീവിതങ്ങള്‍...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.