ഇന്ത്യയില്‍ വീണ്ടും ആക്രമണത്തിന് ജെയ്ഷെ മുഹമ്മദ്: വനിതാ വിങിന് ചുമതല; പൊട്ടിത്തെറിക്കാന്‍ തയ്യാറായി പെണ്‍ ചാവേറുകള്‍

ഇന്ത്യയില്‍ വീണ്ടും ആക്രമണത്തിന് ജെയ്ഷെ മുഹമ്മദ്: വനിതാ വിങിന് ചുമതല; പൊട്ടിത്തെറിക്കാന്‍ തയ്യാറായി പെണ്‍ ചാവേറുകള്‍

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് 'സാദാപേ' എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാന്‍ ഭീകര സംഘടന നേതാക്കള്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ഇന്ത്യയില്‍ മറ്റൊരു ഭീകരാക്രമണത്തിന് പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് ഒരു ചാവേര്‍ സംഘത്തെ തയ്യാറാക്കുകയും അതിനായി പണം സമാഹരിക്കുകയും ചെയ്യുന്നതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയുടെ നേതൃത്വത്തില്‍ 'ജമാതുല്‍-മുമിനാത്' എന്ന പേരില്‍ ഒരു വനിതാ വിഭാഗം അടുത്തയിടെ രൂപീകരിച്ചിരുന്നു. ഇതില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തില്‍ ചാവേര്‍ ആക്രമണമാണ് പദ്ധതിയിടുന്നതെന്നാണ് സൂചന.

ഇതിനായി 'സാദാപേ' എന്ന പാക് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ പണം സമാഹരിക്കാന്‍ ഭീകര സംഘടന നേതാക്കള്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ ബഹാവല്‍പൂരിലുള്ള ജെയ്ഷെ മുഹമ്മദ് ക്യാമ്പുകള്‍ നശിപ്പിച്ചതിന് പിന്നാലെയാണ് ഈ വനിതാ യൂണിറ്റ് സ്ഥാപിച്ചത്.

ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 'മാഡം സര്‍ജന്‍' എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ ചെങ്കോട്ട ആക്രമണത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായും കരുതപ്പെടുന്നു.

ഒരു 'മുജാഹിദിന്' ശൈത്യകാല കിറ്റ് നല്‍കുന്ന ഏതൊരാളും ഒരു 'ജിഹാദി'യായി കണക്കാക്കപ്പെടുമെന്ന് സംഭാവനയ്ക്കായി ആഹ്വാനം ചെയ്ത ജെയ്ഷ് നേതാക്കള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. 20,000 പാകിസ്ഥാന്‍ രൂപയാണ് (ഏകദേശം 6,400 ഇന്ത്യന്‍ രൂപ) സംഭാവനയായി ആവശ്യപ്പെടുന്നത്.

ഷൂസ്, കമ്പിളി സോക്‌സുകള്‍, കിടക്ക, ടെന്റ് തുടങ്ങി ഒരു ആക്രമണത്തിന് മുമ്പോ ശേഷമോ ഭീകരര്‍ക്ക് ആവശ്യമായേക്കാവുന്ന സാധനങ്ങള്‍ വാങ്ങാനാണ് ഈ പണം ഉപയോഗിക്കുക. ഈ ഡിജിറ്റല്‍ ഫണ്ടിങ് ശൃംഖലയെക്കുറിച്ച് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.