എസ്.യു 57 സ്റ്റെല്‍ത്ത് യുദ്ധവിമാനം: ഇന്ത്യയുടെ ഏത് ആവശ്യങ്ങളും അംഗീകരിക്കുമെന്ന് റഷ്യ

എസ്.യു 57 സ്റ്റെല്‍ത്ത് യുദ്ധവിമാനം: ഇന്ത്യയുടെ ഏത് ആവശ്യങ്ങളും അംഗീകരിക്കുമെന്ന് റഷ്യ

ദുബായ്: അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം എസ്.യു 57 ന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏത് ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ. യുദ്ധ വിമാനത്തിന്റെ സാങ്കേതിക വിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നയിക്കുന്ന ഏത് ആവശ്യങ്ങളും പൂര്‍ണമായും സ്വീകാര്യമാണെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കൂട്ടായ്മയായ റോസ്റ്റെക്കിന്റെ (Rostec) സിഇഒ സെര്‍ജി ചെമെസോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് എയര്‍ ഷോ 2025 ന്റെ ഭാഗമായി എത്തിയതായിരുന്നു അദേഹം. അടുത്ത മാസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സെര്‍ജിയുടെ നിര്‍ണായക പ്രതികരണം.

എസ് 400 സംവിധാനങ്ങള്‍ക്കോ എസ്.യു 57നോ വേണ്ടിയുള്ള സാങ്കേതിക വിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങളും പരിഗണിക്കുമെന്നും ചെമെസോവ് ഉറപ്പ് നല്‍കി. ഇന്ത്യയുമായി തങ്ങള്‍ക്ക് ശക്തമായ ബന്ധമുണ്ട്. ഇന്ത്യക്ക് ആവശ്യമുള്ളതെന്തും നല്‍കി പിന്തുണയ്ക്കാന്‍ തങ്ങളുണ്ടെന്നും അദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ രാജ്യം ഉപരോധത്തിലായിരുന്നപ്പോഴും ഇന്ത്യയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റഷ്യ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നല്‍കിയിരുന്നു. ഇന്ത്യക്ക് ആവശ്യമുള്ള ഏത് സൈനിക ഉപകരണങ്ങളും നല്‍കുകയും സഹകരണം വികസിപ്പിക്കുന്നതില്‍ പരസ്പര താല്‍പര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് മുന്‍ വര്‍ഷങ്ങളിലെ അതേ സമീപനം തുടരുമെന്നും ചെമെസോവ് വ്യക്തമാക്കി.

റോസ്റ്റെക്കിന്റെ ഭാഗമായ യുണൈറ്റഡ് എയര്‍ ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ വദിം ബഡേഖയും ഈ നിലപാട് ആവര്‍ത്തിച്ചു. എസ്.യു 57 സംബന്ധിച്ച ഇന്ത്യയുടെ ഏത് ആവശ്യങ്ങളും പൂര്‍ണമായും സ്വീകാര്യമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ ഈ ആവശ്യങ്ങളെ പോസിറ്റീവായ രീതിയിലാണ് കണ്ടിട്ടുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനാണ് എസ്.യു 57 വികസിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.