സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനൂക്കോ ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ അക്രമിയെ ധൈര്യപൂർവ്വം നേരിട്ട് തോക്ക് പിടിച്ചുവാങ്ങിയ അഹമ്മദ് അൽ-അഹമ്മദിന്റെ നടപടിക്ക് പിന്നിൽ 'മനുഷ്യത്വപരമായ മനസാക്ഷി' ആയിരുന്നുവെന്ന് കുടുംബം. ആളുകൾ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കാൻ അദേഹത്തിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് ജീവൻ പണയം വെച്ച് അക്രമിക്ക് നേരെ ചാടിവീണതെന്നും അഹമ്മദിന്റെ ബന്ധുക്കൾ വെളിപ്പെടുത്തി.
43 കാരനും രണ്ട് പെൺകുട്ടികളുടെ പിതാവുമായ അഹമ്മദ് അൽ-അഹമ്മദ് നിലവിൽ സിഡ്‌നിയിലെ സെന്റ് ജോർജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെ അദേഹത്തിന് വെടിയേറ്റിരുന്നു.
തോക്ക് പിടിച്ചുവാങ്ങാനുള്ള ശ്രമത്തിനിടെ തോളിൽ നാലോ അഞ്ചോ തവണ വെടിയേറ്റെന്ന് മാതാപിതാക്കൾ എബിസി ന്യൂസിനോട് പറഞ്ഞു. "അവൻ ഒരു ഹീറോയാണ്. മുൻപ് പോലീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, ആളുകളെ രക്ഷിക്കാനുള്ള വാത്സല്യം അവനുണ്ട്," പിതാവ് മുഹമ്മദ് ഫത്തേ അൽ-അഹമ്മദ് പറഞ്ഞു. ആദ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും വേദനയുണ്ടെങ്കിലും അദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ബന്ധുക്കൾ അറിയിച്ചു.
അഹമ്മദിൻ്റെ അവിശ്വസനീയമായ ധീരതയ്ക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ന്യൂ സൗത്ത് വെയിൽസ് പ്രീമിയറും ഉൾപ്പെടെയുള്ളവർ ആദരമർപ്പിച്ചു. "വലിയ വ്യക്തിപരമായ അപകടസാധ്യത ഉണ്ടായിട്ടും ഒരു തീവ്രവാദിയെ നിരായുധനാക്കിയതിലൂടെ അദേഹത്തിൻ്റെ ധീരത എണ്ണമറ്റ ജീവൻ രക്ഷിച്ചു," ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് ആശുപത്രി സന്ദർശിച്ച ശേഷം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സിറിയൻ വംശജനായ ഓസ്‌ട്രേലിയൻ പൗരനാണ് അഹമ്മദ് അൽ-അഹമ്മദ്. അദേഹത്തിൻ്റെ ചികിത്സാ സഹായത്തിനായി ആരംഭിച്ച 'ഗോഫണ്ട്മി' പേജിൽ 24 മണിക്കൂറിനുള്ളിൽ 1.3 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികം (ഏകദേശം 7.2 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചു. രാജ്യം ഒന്നടങ്കം അദേഹത്തിൻ്റെ ധീരതയെ പ്രകീർത്തിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.