പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പാചക വാതകം വിതരണം ചെയ്യും; യു.എസുമായി കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പാചക വാതകം വിതരണം ചെയ്യും; യു.എസുമായി കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് മിതമായ നിരക്കില്‍ പാചകവാതകം വിതരണം ചെയ്യാനുള്ള നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചു. ഒരു വര്‍ഷത്തെ പ്രാരംഭ കരാറിന് കീഴില്‍ ഇന്ത്യ യു.എസില്‍ നിന്ന് 2.2 ദശലക്ഷം ടണ്‍ ലിക്വിഡ് പെട്രോളിയം ഗ്യാസ് ഇറക്കുമതി ചെയ്യും. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക ചുവടുവെപ്പാണിത്.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ പാചക വാതകം വിതരണം ചെയ്യാനുള്ള ചരിത്ര പരമായ കരാറില്‍ അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ടു. 2026 ജനുവരി മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരിക. ഇന്ത്യയിലെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ പാചക വാതകം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് അമേരിക്കയുമായി സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പിട്ടതെന്ന് ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

കൂടാതെ ആഗോള വിലയില്‍ 60 ശതമാനം വര്‍ധനവുണ്ടായിട്ടും കഴിഞ്ഞ വര്‍ഷം 14.2 കിലോഗ്രാം സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കായ 500-550 രൂപക്ക് ലഭ്യമാക്കാനായെന്നും മന്ത്രി വ്യക്തമാക്കി. യഥാര്‍ത്ഥ വില 1100 രൂപയായിരിക്കെയായിരുന്നു ഇത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് വിതരണം ചെയ്യുക.

ആഗോള ഭീമന്മാരായ ഷെവ്റോണ്‍, ഫിലിപ്സ് 66, ടോട്ടല്‍ എനര്‍ജിസ് ട്രേഡിങ് എസ്.എ എന്നിവരുടെ നേതൃത്വത്തില്‍ 48 വലിയ ഗ്യാസ് ടാങ്കറുകളിലായി എല്‍.പി.ജി ഇന്ത്യയിലേക്ക് എത്തിക്കും. ഇന്ത്യ വാങ്ങുന്ന പാചക വാതകത്തിന്റെ നിരക്ക് ഇനിയും പുറത്തുവന്നിട്ടില്ല. എന്നാല്‍ മോണ്ട് ബെല്‍വിയു വില നിലവാരം അനുസരിച്ച് പ്രൊപ്പെയ്ന്‍ മെട്രിക് ടണ്ണിന് ഏകദേശം 62,000 രൂപയും, ബ്യൂട്ടെയ്ന്‍ ടണ്ണിന് ഏകദേശം 53,000 രൂപയുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2024 ല്‍ എല്‍.പി.ജി ആവശ്യകതയുടെ 67 ശതമാനത്തിലധികം ഇറക്കുമതി ചെയ്യേണ്ടി വന്നതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര ഉല്‍പ്പാദനത്തിലെ സ്തംഭനവും, റിഫൈനറികള്‍ ഉയര്‍ന്ന ലാഭം ലഭിക്കുന്ന പെട്രോകെമിക്കലുകളിലേക്ക് ഉല്‍പാദനം വഴിതിരിച്ചുവിട്ടതുമാണ് ഇതിന് കാരണം.

പി.എം.യു.വൈക്ക് കീഴില്‍ ഗുണഭോക്താക്കളുടെ എണ്ണം 10.3 കോടിയും ആകെ ആഭ്യന്തര ഉപയോക്താക്കളുടെ എണ്ണം 33 കോടിയുമായി വികസിച്ചതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. റഷ്യന്‍ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടമൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.