അമ്മാൻ : പൗരസ്ത്യ ക്രൈസ്തവർ ജോർദാൻ പ്രദേശത്തിന്റെ ചരിത്രം, സംസ്കാരം, സ്വത്വം എന്നിവയുടെ അവിഭാജ്യവും ആധികാരികവുമായ ഘടകമാണെന്ന് ജോർദാൻ രാജകുടുംബാംഗം പ്രിൻസ് ഹസ്സൻ ബിൻ തലാൽ. ബസ്മാൻ അൽ-സഹേർ കൊട്ടാരത്തിൽ നടന്ന ഇന്റർനാഷണൽ പാർലമെന്ററി സൊസൈറ്റി ഓർത്തഡോക്സ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിൻസ് ഹസ്സൻ ഈ സുപ്രധാന പരാമർശങ്ങൾ നടത്തിയത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അർത്ഥവത്തായ സംഭാഷണം ഒരു തിരഞ്ഞെടുപ്പല്ല മറിച്ച് സമാധാനവും സഹവർത്തിത്വവും സംരക്ഷിക്കുന്നതിനുള്ള അടിയന്തര ആവശ്യമാണ് എന്ന് അദേഹം ഊന്നിപ്പറഞ്ഞു. പരസ്പര അംഗീകാരം, വ്യത്യാസങ്ങളോടുള്ള ബഹുമാനം, മനുഷ്യാന്തസ് എന്നിവയിൽ നിന്നാണ് സുസ്ഥിരമായ സമാധാനം ആരംഭിക്കുന്നത്. നീതിയുടെ അഭാവവും അനീതിയുടെ തുടർച്ചയും തീവ്രവാദത്തിനും സാമൂഹിക വിഘടനത്തിനും വളക്കൂറുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി.
കൗൺസിൽ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഇയാദ് അൽ-തവാൽ ഉൾപ്പെടെയുള്ളവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുക, മനുഷ്യന്റെ അന്തസ് സംരക്ഷിക്കുക, മേഖലയിൽ സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ ഏകീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
കഴിഞ്ഞ ഒക്ടോബറിൽ അബ്ദുള്ള രാജാവ് വത്തിക്കാനിലെ അപ്പസ്തോലിക് കൊട്ടാരത്തിൽ ലിയോ പതിനാലമൻ മാർപാപ്പയെ സന്ദർശിച്ചിരുന്നു. ജോർദാനിലെ ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങൾ, പ്രത്യേകിച്ചും യേശു ക്രിസ്തുവിന്റെ സ്നാന സ്ഥലം എന്നിവയുടെ സംരക്ഷണത്തിന് ജോർദാൻ പ്രതിജ്ഞാബദ്ധരാണെന്ന് അബ്ദുള്ള രാജാവ് അന്ന് ഉറപ്പ് നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.