അനീഷ് ജോര്‍ജിന്റെ മരണം: ബിഎല്‍ഒമാര്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്‌കരിക്കും

അനീഷ് ജോര്‍ജിന്റെ മരണം: ബിഎല്‍ഒമാര്‍  തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ജോലി ബഹിഷ്‌കരിക്കും

ആത്മഹത്യയില്‍ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് രമേശ് ചെന്നിത്തല.
ഇനിയും അനീഷ് ജോര്‍ജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്ന് ബിനോയ് വിശ്വം.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്‌ഐആര്‍ നീട്ടി വയ്ക്കണമെന്ന് എം.വി ജയരാജന്‍.

കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റ ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ബിഎല്‍ഒമാര്‍. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. എസ്‌ഐആറിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ സമ്മര്‍ദമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.

35,000 ബിഎല്‍ഓമാരെയാണ് എസ്‌ഐആര്‍ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ടാര്‍ഗറ്റ് നല്‍കി മനുഷ്യ സാധ്യമല്ലാത്ത ജോലി അടിച്ചേല്‍പ്പിക്കുകയാണെന്നും തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ബിഎല്‍ഒമാരുടെ കൂട്ടായ്മ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ബിഎല്‍ഓമാര്‍ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നത്.

കൂടാതെ ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

അതിനിടെ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ക്ക് 31 ദിവസം വേറെ ജോലി ഒന്നും നല്‍കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതെങ്കിലും നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും പലര്‍ക്കും ജോലി സമ്മര്‍ദ്ദമുണ്ട്.

പയ്യന്നൂര്‍ ഏറ്റുകുടുക്ക സ്വദേശി അനീഷ് ജോര്‍ജാണ് ഇന്ന് രാവിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. കുന്നരു എയുപി സ്‌കൂളിലെ പ്യൂണ്‍ ആണ് അനീഷ്. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ അനീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പയ്യന്നൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് ജോലിയുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.

കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യയില്‍ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഐആറിന്റെ പേരില്‍ അമിത സമ്മര്‍ദം ഉണ്ടായി എന്നും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നു ഇത്തരം നടപടികളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമിത സമ്മര്‍ദ്ദം ചെലുത്തുന്ന നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

എസ്‌ഐആര്‍ സമയ പരിധി അടിയന്തിരമായി നീട്ടിവെക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഇനിയും അനീഷ് ജോര്‍ജുമാരെ കൊലയ്ക്ക് കൊടുക്കരുതെന്നും വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമ്മീഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണെന്നും അദേഹം പറഞ്ഞു.

കണ്ണൂരിലെ ബിഎല്‍ഒയുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. അനീഷ് കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു. ഒരാള്‍ രണ്ട് ജോലി ചെയ്യേണ്ടി വരുന്നുവെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്‌ഐആര്‍ നീട്ടി വയ്ക്കണമെന്നും എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.