യൂറോപ്പിൽ ക്രൈസ്തവ വിരുദ്ധത കുതിച്ചുയരുന്നു: 2024 ൽ മാത്രം 2211 ആക്രമണങ്ങൾ; മുൻപന്തിയിൽ ജർമ്മനിയും ഫ്രാൻസും

യൂറോപ്പിൽ ക്രൈസ്തവ വിരുദ്ധത കുതിച്ചുയരുന്നു: 2024 ൽ മാത്രം 2211 ആക്രമണങ്ങൾ; മുൻപന്തിയിൽ ജർമ്മനിയും ഫ്രാൻസും

വിയന്ന: യൂറോപ്പിലുടനീളം ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഭയാനകമായ തോതിൽ വർദ്ധിച്ചതായി വിയന്ന ആസ്ഥാനമായുള്ള ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യാനിസ് ഇൻ യൂറോപ്പ് (OIDAC EUROPE) സംഘടനയുടെ പുതിയ റിപ്പോർട്ട്. 2023 നെ അപേക്ഷിച്ച് 2024 ൽ ആക്രമണങ്ങളുടെ എണ്ണം ഇരട്ടിയായി. യൂറോപ്പിലുടനീളം 2211 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് 2024 ൽ റിപ്പോർട്ട് ചെയ്തത്.

സംഘടനയുടെ തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ക്രൈസ്തവ ദേവാലയങ്ങളെയും മറ്റ് ക്രിസ്ത്യൻ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് ആകെ 94 തീവെപ്പ് സംഭവങ്ങളാണ് അരങ്ങേറിയത്. ഈ ആക്രമണങ്ങളിൽ മൂന്നിലൊന്ന് സംഭവങ്ങളും രേഖപ്പെടുത്തിയത് ജർമ്മനിയിലാണ്.

ക്രൈസ്തവർക്ക് നേരെ 274 വ്യക്തിപരമായ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 2024 നവംബറിൽ സ്പെയിനിൽ 76 വയസുള്ള ഒരു സന്യാസിയുടെ കൊലപാതകവും ഉൾപ്പെടുന്നു.

ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്പെയിൻ, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ക്രിസ്ത്യൻ വിരുദ്ധ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഫ്രാൻസിലെ സെന്റ്-ഒമറിൽ ചരിത്രപ്രസിദ്ധമായ ദേവാലയം തീവെച്ച് നശിപ്പിക്കപ്പെട്ടതടക്കം നിരവധി ഗുരുതരമായ കേസുകൾ റിപ്പോർട്ട് എടുത്തുപറയുന്നു. ഔദ്യോഗിക പോലീസ് കണക്കുകളും മനുഷ്യാവകാശ സംഘടനകളുടെ സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയാണ് സം​ഘടന റിപ്പോർട്ട് തയ്യാറാക്കിയത്.

ഈ ഞെട്ടിക്കുന്ന റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രകാശനം നവംബർ 18 ചൊവ്വാഴ്ച യൂറോപ്യൻ പാർലമെന്റിൽ നടക്കും. ഈ കണക്കുകൾ യൂറോപ്പിലെ മതസ്വാതന്ത്ര്യം നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് അടിവരയിടുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.