"സമാധാനം കേവലം സംഘർഷമില്ലായ്മയല്ല ; ഹൃദയത്തിൽ നിന്ന് പടുത്തുയർത്തേണ്ട ദാനം": സഭയുടെ നിലപാട് വ്യക്തമാക്കി മാർപാപ്പ


വത്തിക്കാൻ സിറ്റി: ലോകത്തിൽ സമാധാനം പുലർത്താനുള്ള സഭയുടെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ച് ലി​യോ പ​തി​നാ​ലാ​മ​ൻ മാർപാപ്പ. സമാധാനം എന്നത് കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ലെന്നും മറിച്ച് ഹൃദയത്തിനുള്ളിൽ നിന്നും പണിതുയർത്തേണ്ട സജീവവും സൂക്ഷ്മ ശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. പുതുതായി വത്തിക്കാനിലേക്ക് നിയമിതരായ സ്ഥാനപതികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.

"ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവക്ക് നേരേ പരിശുദ്ധ സിംഹാസനത്തിന് നിശബ്ദ കാഴ്ചക്കാരനായി ഇരിക്കാൻ സാധ്യമല്ല. താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്ത നാൾ മുതൽ പറയുന്ന ഉത്ഥിതനായ ഈശോ മിശിഹായുടെ വാക്കുകളായ 'സമാധാനം നിങ്ങളോടു കൂടെ' എന്ന് വീണ്ടും ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു."- മാർപാപ്പ പറഞ്ഞു

അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാതിരിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹ്‌റിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്‌ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പുതിയ സ്ഥാനപതികളുമായാണ് മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.