കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയി ഉള്‍പ്പെടെ 200 ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അന്‍മോള്‍ ബിഷ്ണോയി ഉള്‍പ്പെടെ 200 ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക

വാഷിങ്ടണ്‍: കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം അന്‍മോള്‍ ബിഷ്ണോയി അടക്കം 200 ഇന്ത്യക്കാരെ ട്രംപ് ഭരണകൂടം നാടുകടത്തി. അന്‍മോള്‍ ബിഷ്ണോയിക്ക് പുറമേ പഞ്ചാബില്‍ നിന്നുള്ള രണ്ട് പിടികിട്ടാപ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്.

ബാക്കിയുള്ള 197 പേര്‍ അനധികൃത കുടിയേറ്റക്കാരാണ്. കുപ്രസിദ്ധ അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഇളയ സഹോദരനാണ് അന്‍മോള്‍ ബിഷ്ണോയി. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷമാണ് അന്‍മോള്‍ ബിഷ്ണോയി കാലിഫോര്‍ണിയയില്‍ വെച്ച് പിടിയിലായത്. പിന്നീട് ജയിലിലടച്ചു. പരോള്‍ കാലയളവില്‍ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യു.എസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ആങ്കിള്‍ മോണിറ്റര്‍, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിറങ്ങിയ ബിഷ്‌ണോയിയെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. നേരത്തേ വ്യാജമായി നിര്‍മിച്ച റഷ്യന്‍ രേഖകള്‍ ഉപയോഗിച്ചാണ് അന്‍മോള്‍ ബിഷ്ണോയി കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും എത്തിയതെന്നും കണ്ടെത്തിയിരുന്നു.

ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും ഇന്ത്യയിലെത്തിയാല്‍ എന്‍ഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ബാബാ സിദ്ദിഖി കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസിന് പ്രതിയെ കൈമാറിയേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.