വോട്ടര്‍ പട്ടിക: വി.എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

വോട്ടര്‍ പട്ടിക:  വി.എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

സെലിബ്രിറ്റിയും സാധാരണ പൗരനും നിയമത്തിന്റെ മുന്നില്‍ സമന്മാരെന്നും സെലിബ്രിറ്റികള്‍ പത്രം വായിക്കാറില്ലേയെന്നും കോടതി.

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് സംബന്ധിച്ച് സംവിധായകനും കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വി.എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ വിനു മത്സര രംഗത്തു നിന്ന് മാറി നില്‍ക്കേണ്ടി വരും.

സെലിബ്രിറ്റിയും സാധാരണ പൗരനും നിയമത്തിന്റെ മുന്നില്‍ സമന്മാരാണെന്ന് വ്യക്തമാക്കിയ കോടതി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് പോലും മനസിലാക്കാത്ത ആളെയാണോ മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതെന്നും ചോദിച്ചു.

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സെലിബ്രറ്റികള്‍ നാട്ടിലെ കാര്യങ്ങളൊന്നും അറിയാറില്ലേയെന്നും പത്രം വായിക്കാറില്ലേയെന്നും കോടതി ചോദിച്ചു.

2020 ല്‍ മലാപ്പറമ്പ് ഡിവിഷനില്‍ താന്‍ വോട്ട് ചെയ്തിരുന്നുവെന്ന് വി.എം വിനു ഇന്നലെ പറഞ്ഞിരുന്നു. പുതിയ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിന് പിന്നില്‍ സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷനും നടത്തിയ ഗൂഢാലോചനയാണെന്നും ആരോപിച്ചിരുന്നു.

വിനുവിന് 2020 ലെ തിരഞ്ഞെടുപ്പിലും വോട്ടില്ലായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ആദ്യ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ആക്ഷേപമുന്നയിക്കാനുള്ള അവസരം വിനു പ്രയോജനപ്പെടുത്തിയില്ലെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പേര് ചേര്‍ക്കാനും മറ്റും മൂന്ന് തവണ അവസരമുണ്ടായിരുന്നു. കഴിഞ്ഞ പതിമൂന്ന് വരെ സമയം അനുവദിച്ചിരുന്നെങ്കിലും വിനു അത് പ്രയോജനപ്പെടുത്തിയില്ല. വിനുവിന് മത്സരിക്കാനാകാത്ത സാഹചര്യത്തില്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം കോര്‍പ്പറേഷന്‍ 19-ാം വാര്‍ഡ് മെഡിക്കല്‍ കോളജ് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കമ്മനക്കണ്ടിക്കും വോട്ടില്ല. പുതിയ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസെന്നാണ് വിവരം. ബിന്ദുവും പ്രചാരണം തുടങ്ങിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.