ധാക്ക: ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ വധ ശിക്ഷ വിധിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയില്‍ നിന്ന് വിട്ടു കിട്ടാന്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് ഭരണകൂടം ഇന്റര്‍പോളിന്റെ സഹായം തേടാനൊരുങ്ങുന്നു.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെയും മുന്‍ ആഭ്യന്തര മന്ത്രി അസദുദ്ദീന്‍ ഖാന്‍ കമാലിനെയും വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം രേഖാമൂലം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് യൂനുസ് ഭരണകൂടം ഇന്റര്‍പോളിനെ സമീപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
രാജ്യം വിട്ട രണ്ട് കുറ്റവാളികള്‍ക്കെതിരെയും ശിക്ഷാ വിധിയുടെ അടിസ്ഥാനത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ബംഗ്ലാദേശ് ഇന്റര്‍പോളിനോട് ആവശ്യപ്പെടുക. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണെന്നും പ്രോസിക്യൂട്ടര്‍ ഗാസി എം.എച്ച്. തമീം വ്യക്തമാക്കി.
ട്രിബ്യൂണലിന്റെ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിന് നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇനി ശിക്ഷാ വിധിയുടെ അടിസ്ഥാനത്തില്‍ പുതിയ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനായി ഇന്റര്‍പോളിനോട് അഭ്യര്‍ഥിക്കും. വിദേശകാര്യ മന്ത്രാലയം വഴിയാണ് ഈ നടപടികളെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ബംഗ്ലാദേശിലെ ഭരണവിരുദ്ധ പ്രക്ഷോഭം അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചെയ്തെന്ന കേസിലാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷ വിധിച്ചത്. ഹസീനയ്ക്കൊപ്പം ആഭ്യന്തര മന്ത്രിയായിരുന്ന അസദുദ്ദീന്‍ ഖാന്‍ കമാലിനും ട്രിബ്യൂണല്‍ വധ ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടിയ ഹസീനയുടെയും അസദുദ്ദീന്‍ ഖാന്റെയും അസാന്നിധ്യത്തിലായിരുന്നു വിചാരണയും വിധി പ്രസ്താവവും.
അതേസമയം, കുറ്റവാളികളെ കൈമാറാന്‍ നിലവിലുള്ള ഉഭയകക്ഷി കരാര്‍ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഹസീനയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യ അംഗീകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ കൈമാറേണ്ടതില്ലെന്ന് കരാര്‍ വ്യവസ്ഥയുടെ ആറാം അനുച്ഛേദത്തില്‍ വ്യക്തമാക്കുന്നുണ്ട് എന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കൊലപാതക കേസുകളാണെങ്കില്‍ അതില്‍ ഉള്‍പ്പെട്ടവരെ കൈമാറണമെന്ന വ്യവസ്ഥ 2024 ഡിസംബറില്‍ ബംഗ്ലാദേശ് ഉള്‍പ്പെടുത്തിയിരുന്നു. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.