അമ്മയും സുഹൃത്തും ചേര്‍ന്ന് പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; കേസ് എന്‍ഐഎയ്ക്ക് കൈമാറുമെന്ന് ഡിജിപി

അമ്മയും സുഹൃത്തും ചേര്‍ന്ന് പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിച്ചു; കേസ് എന്‍ഐഎയ്ക്ക് കൈമാറുമെന്ന് ഡിജിപി

തിരുവനന്തപുരം: പതിനാറുകാരനെ ഭീകരവാദ സംഘടനയില്‍ ചേരാന്‍ അമ്മയും സുഹൃത്തും നിര്‍ബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറും. വെഞ്ഞാറമൂട് പൊലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണ്.

കണ്ണൂര്‍ കനകമല തീവ്രവാദ ഗൂഡാലോചന കേസിലെ പ്രതിയുമായുള്ള കുട്ടിയുടെ അമ്മയുടെ ബന്ധം ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. വിദേശത്ത് അമ്മയുമൊത്ത് താമസിക്കുമ്പോള്‍ ഐഎസിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചുവെന്നും നിരന്തരമായ ഭീകരവാദ ആശയങ്ങളുടെ വീഡിയോ കാണിച്ചുവെന്നുമാണ് പതിനാറുകാരന്‍ വെഞ്ഞാറമൂട് പൊലീസില്‍ മൊഴി നല്‍കിയത്.

അമ്മയുടെ സുഹൃത്തായ യുവാവ് നിരന്തരമായി ക്ലാസുകളെടുത്തിരുന്നതായാണ് മൊഴി. ഈ യുവാവ് ഉക്രെയ്‌നില്‍ നിന്നും യു.കെയിലേക്ക് കുടിയേറിയ ആളാണ്. അമ്മ നാട്ടിലേക്ക് പറഞ്ഞയച്ചപ്പോള്‍ അമ്മയുടെ മറ്റൊരു സുഹൃത്താണ് വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചതെന്നും ഇയാള്‍ ആറ്റിങ്ങലിലെ മതപഠന ശാലയിലേക്ക് കൊണ്ടുപോയെന്നുമാണ് കുട്ടിയുടെ മൊഴി.

കുട്ടിയെ സ്വീകരിച്ചയാള്‍ കണ്ണൂര്‍ കനകമലയില്‍ നടന്ന തീവ്രവാദ ഗൂഢാലോചന കേസില്‍ എന്‍ഐഎ കേസില്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. മതപഠന ശാലയില്‍ നിന്നും കുട്ടി പന്തളത്തുള്ള അച്ഛന്റെ വീട്ടിലേക്കാണ് പോയത്. അമ്മ ഏതാനും മാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. പക്ഷെ കുട്ടിയുടെ പാസ്‌പോര്‍ട്ട് അമ്മയുടെ സുഹൃത്ത് കൈമാറിയില്ല. ഇതില്‍ നല്‍കിയ പരാതിയില്‍ മൊഴി നല്‍കിയപ്പോഴാണ് പതിനാറുകാരന്‍ അമ്മയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.

യുഎപിഎ പ്രകാരമെടുത്ത കേസില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ്പിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് എന്‍ഐഎക്ക് കൈമാറുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയാല്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയുമാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.