'ഭരണഘടനയെ മാനിക്കുന്നവരെ തിരഞ്ഞെടുക്കണം'; ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

'ഭരണഘടനയെ മാനിക്കുന്നവരെ തിരഞ്ഞെടുക്കണം'; ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

തിരുവനന്തപുരം: ക്രൈസ്തവര്‍ ചിന്തിച്ച് വോട്ട് ചെയ്യണമെന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. സഭയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണെന്നും കമ്മീഷന്‍ പറഞ്ഞു. ഇന്ത്യുടെ മഹത്തായ ഭരണഘടനയെ മാനിക്കുന്നവരെയാണ് തിരഞ്ഞെടുക്കേണ്ടത്. ആരെ തിരഞ്ഞെടുക്കണമെന്നും ഏത് മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവര്‍ തീരുമാനിക്കണം. സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ പേജിലെ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മനുഷ്യനെ അടിമകളാക്കുന്ന സകല വ്യവസ്ഥിതികളിലും നിന്നുള്ള മോചനം ഉറപ്പാക്കുന്ന, മനുഷ്യാന്തസും, അവകാശങ്ങളും, തുല്യതയും മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയമാണ് സഭയുടേത്. ആ രാഷ്ട്രീയത്തെ മാനിക്കുന്നവരെയാണ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ വിജയിപ്പിക്കേണ്ടത്. അധികാര മോഹികളും നിക്ഷിപ്ത താല്‍പര്യക്കാരും നീതിപൂര്‍വമായ നിലപാടുകളെടുക്കാന്‍ ധൈര്യമില്ലാത്തവരും സംഘടിത ശക്തികളിലൂടെ മുന്‍പില്‍ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിതെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ക്രൈസ്തവരും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും !

കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ രാഷ്ട്രീയം എന്തായിരിക്കും അല്ലങ്കില്‍ എന്തായിരിക്കണം? മതമാണ് മതമാണ് മതമാണ് ഞങ്ങളുടെ വിഷയമെന്നു ചിലര്‍ പറയുന്നതുപോലെ രാഷ്ട്രീയത്തില്‍ നാം മതം കലര്‍ത്താന്‍ പാടുണ്ടോ? കത്തോലിക്കാ സഭയ്ക്ക് ഇവിടെ പ്രത്യേകമായ രാഷ്ട്രീയ നിലപാടുണ്ടോ? എന്തായിരിക്കണം സഭയുടെ രാഷ്ട്രീയം? തുടങ്ങിയ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ നമുക്ക് ചുറ്റും ഉയരുന്നുമുണ്ട്.

സഭയ്ക്ക് രാഷ്ട്രീയമുണ്ട് എന്നതാണ് കൃത്യമായ ഉത്തരം. അത് പക്ഷെ കക്ഷി രാഷ്ട്രീയമല്ല. മറിച്ച് ദൈവരാജ്യത്തിന്റെ രാഷ്ട്രീയമാണ്. മനുഷ്യനെ അടിമകളാക്കുന്ന സകല വ്യവസ്ഥിതികളിലും നിന്നുള്ള മോചനം ഉറപ്പാക്കുന്ന, മനുഷ്യാന്തസും, അവകാശങ്ങളും, തുല്യതയും മുറുകെപ്പിടിക്കുന്ന ഒരു രാഷ്ട്രീയമാണ് സഭയുടേത്. ആ രാഷ്ട്രീയത്തെ മാനിക്കുന്നവരെയാണ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവര്‍ വിജയിപ്പിക്കേണ്ടത്. അധികാര മോഹികളും നിക്ഷിപ്ത താല്‍പര്യക്കാരും നീതിപൂര്‍വമായ നിലപാടുകളെടുക്കാന്‍ ധൈര്യമില്ലാത്തവരും സംഘടിത ശക്തികളിലൂടെ മുന്‍പില്‍ പ്രീണനത്തിന്റെ വിലകെട്ട രാഷ്ട്രീയം ശീലമാക്കുന്നവരെയും വിലയിരുത്താനുള്ള സമയമാണിത്.

ഭാരതത്തിന്റെ മഹത്തായ ഭരണഘടനയെ മാനിക്കുന്നവരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഭരണഘടനയുടെ മുകളില്‍ തങ്ങളുടെ ശരികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ പ്രീണിപ്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ഭരണഘടനപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കുന്ന ഭീരുക്കളെയോ, സ്വാര്‍ത്ഥരായ അധികാര മോഹികളെയോ ആകരുത് ഈ തിരഞ്ഞെടുപ്പില്‍ നാം പിന്തുണക്കുന്നത്.

ആരെ തിരഞ്ഞെടുക്കണമെന്നും ഏത് മുന്നണിയുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കണമെന്നും ക്രൈസ്തവര്‍ തീരുമാനിക്കേണ്ടത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, മതം നോക്കിയൊന്നും വേണ്ട ക്രൈസ്തവര്‍ ഉയര്‍ത്തിയ തികച്ചും നീതിപൂര്‍വമായ ആവശ്യങ്ങളോട് ആരൊക്കെ എങ്ങനെ പ്രതികരിച്ചു എന്നത് നോക്കിയായിരിക്കണം.

മുനമ്പം വിഷയത്തിലെ അനീതി നിറഞ്ഞ പക്ഷംചേരല്‍, കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, ന്യുനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 എന്ന അന്യായമായ അനുപാതം, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അധിനിവേശ ശ്രമങ്ങളില്‍ പുലര്‍ത്തിയ കുറ്റകരമായ മൗനം, ഭിന്നശേഷി വിഷയത്തിലെ ഇരട്ട നീതി, മലയോര കര്‍ഷകരോടുള്ള സമീപനം, വന്യജീവി ശല്യം നിയന്ത്രിക്കുന്നതില്‍ നാളിതുവരെ പുലര്‍ത്തുന്ന അനങ്ങാപ്പാറ നയം, ഇ.ഡബ്ല്യു.സി.എസ് സംവരണം ഇങ്ങനെ നിരവധിയുണ്ട് വോട്ട് കുത്തും മുന്‍പ് ജനാധിപത്യ ബോധവും ഉത്തരവാദിത്വവുമുള്ള പൗരന്മാര്‍ എന്ന നിലയില്‍ ചിന്തിക്കാന്‍ വിഷയങ്ങള്‍.

ഒരു മത രാഷ്ട്രമായല്ല മതേതര രാജ്യമായി ഇന്ത്യയെ സൂക്ഷിക്കാന്‍ നമുക്ക് ചെറുതല്ലാത്ത ഉത്തരവാദിത്വമുണ്ടെന്നത് മറക്കാതിരിക്കാം. ഇനിയും ഇതൊന്നും ചിന്തിക്കാതെ ഏതെങ്കിലും മുന്നണിയുടെ രാഷ്ട്രീയ നുകത്തിന്റെ കീഴെ കഴുത്തു വയ്ക്കാനാണ് ഭാവമെങ്കില്‍ ആ ചിന്തയില്ലായ്മയ്ക്ക് നാം വലിയ വില കൊടുക്കേണ്ടി വരും. ഓരോ തുള്ളി ജലവും അമൂല്യമാണെന്നാണല്ലോ പരസ്യം, ജലം മാത്രമല്ല ഓരോ വോട്ടും ജനാധിപത്യ പ്രക്രിയയില്‍ അമൂല്യമാണ്. പാഴാക്കിയാല്‍ പിന്നീട് ദുഖിക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.