വെല്ലുവിളികൾക്കിടയിലും ഓസ്ട്രേലിയയിലെ കത്തോലിക്കാ വൈദികർ സംതൃപ്തർ; 95 ശതമാനം പേർ ജോലിയിൽ സന്തോഷം കണ്ടെത്തുന്നു

വെല്ലുവിളികൾക്കിടയിലും ഓസ്ട്രേലിയയിലെ കത്തോലിക്കാ വൈദികർ സംതൃപ്തർ; 95 ശതമാനം പേർ ജോലിയിൽ സന്തോഷം കണ്ടെത്തുന്നു

കാൻബറ: വെല്ലുവിളികൾക്കിടയിലും ഓസ്ട്രേലിയയിലെ കത്തോലിക്കാ വൈദികർ സംതൃപ്തരെന്ന് റിപ്പോർട്ട്. ഭൂരിഭാഗം വൈദികരും തങ്ങളുടെ ശുശ്രൂഷയിൽ അഭിവൃദ്ധി പ്രാപിക്കുകയും കടുത്ത വെല്ലുവിളികൾക്കിടയിലും ആത്മീയമായും വ്യക്തിപരമായും സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതായി ഓസ്‌ട്രേലിയയിലെ കത്തോലിക്കാ പുരോഹിതരുടെയും ഡീക്കൻമാരുടെയും ക്ഷേമം സംബന്ധിച്ച് നടത്തിയ ആദ്യത്തെ സമഗ്ര റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ബിഷപ്പുമാരുടെ നിർദേശ പ്രകാരം നാഷണൽ സെന്റർ ഫോർ പാസ്റ്ററൽ റിസർച്ച് തയ്യാറാക്കിയ “ശുശ്രൂഷയിൽ അഭിവൃദ്ധിപ്പെടുകയും നിലനിൽക്കുകയും ചെയ്യുക” എന്ന റിപ്പോർട്ടാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഓസ്‌ട്രേലിയൻ വൈദികരിൽ 27 ശതമാനം പേരുടെ ഓൺലൈൻ പ്രതികരണങ്ങളും 78 പേരുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കിയാണ് 164 പേജുള്ള ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഏകദേശം 75 ശതമാനം വൈദികരും തങ്ങൾക്ക് നല്ല അല്ലെങ്കിൽ വളരെ നല്ല ആത്മവിശ്വാസം ഉള്ളതായി റിപ്പോർട്ട് ചെയ്തു. 71 ശതമാനം പേർ തങ്ങൾക്ക് പ്രത്യാശയുണ്ടെന്നും 61ശതമാനം പേർ പതിവായി സന്തോഷം അനുഭവിക്കുന്നുണ്ടെന്നും പറയുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത പശ്ചാത്തലത്തിൽ നിന്നുള്ളവരിൽ സന്തോഷത്തിന്റെ തോത് കൂടുതലാണ്.

ഏകദേശം 95 ശതമാനം വൈദികരും തങ്ങളുടെ ശുശ്രൂഷയെ വിലമതിക്കുന്നു. ദിവ്യബലിയുടെ ആഘോഷം, ഹോമിലി ഒരുക്കൽ, വചനം പങ്കുവെക്കൽ എന്നിവയെല്ലാം തങ്ങളുടെ ശുശ്രൂഷയുടെ കേന്ദ്രബിന്ദുക്കളാണെന്ന് അവർ ചൂണ്ടിക്കാട്ടി.

വൈദികർ ദിവസവും ശരാശരി 8.6 മണിക്കൂർ ജോലി ചെയ്യുന്നു. 40 വയസിന് താഴെയുള്ളവരിൽ പകുതി പേരും 10 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെന്നും സർവേ പറയുന്നു.

ഓസ്‌ട്രേലിയൻ വൈദികർക്കിടയിൽ വംശീയ വൈവിധ്യം വർധിക്കുന്നതായും റിപ്പോർട്ട് പറയുന്നു. 2023 അവസാനത്തോടെ രാജ്യത്ത് 2,813 വൈദികരും 204 ഡീക്കൻമാരുമാണുള്ളത്. ഇതിൽ 41 ശതമാനം പേർ ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിൽ ജനിച്ചവരാണ്.

ശുഭകരമായ ചിത്രങ്ങൾക്കിടയിലും, കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികൾ വൈദികരെ ബാധിക്കുന്നുണ്ട്. ബാല ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് റോയൽ കമ്മീഷൻ നടത്തിയ വെളിപ്പെടുത്തലുകൾ വൈദികർക്കിടയിൽ സമ്മർദ്ദം, ഉത്കണ്ഠ, ലജ്ജ എന്നിവയ്ക്ക് കാരണമായി. തങ്ങളുടെ പൗരോഹിത്യ സ്വത്വത്തിനും വിശ്വാസ്യതയ്ക്കും കോട്ടം സംഭവിച്ചതായി പലരും അഭിപ്രായപ്പെടുന്നു.

മെത്രാന്മാരുമായും സഹപുരോഹിതരുമായുമുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ, ഏകാന്തത, അമിതമായ ജോലിഭാരം, വൈദികരുടെ കുറവ് (2003-2024 കാലയളവിൽ 11 ശതമാനം കുറവ്) എന്നിവയും സമ്മർദത്തിന് കാരണമാണ്. എങ്കിലും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ചില വൈദികർ ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിനും ശുശ്രൂഷയിലുള്ള പ്രതിബദ്ധതയ്ക്കും ഇത് അവസരമായി കാണുന്നുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പ്രോസ് ഈ സർവേയെ ഒരു "അപൂർവ പഠനം" എന്ന് വിശേഷിപ്പിച്ചു. ലിയോ പാപ്പ നൽകിയതുപോലെ യേശുവുമായുള്ള വ്യക്തിപരമായ അടുപ്പം ശുശ്രൂഷയിൽ കൂടുതൽ സന്തോഷം കൊണ്ടുവരുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.