'മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തു'; ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

'മനുഷ്യരാശിക്കെതിരെ കുറ്റം ചെയ്തു'; ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധ ശിക്ഷ. കഴിഞ്ഞ വര്‍ഷം നടന്ന ബഹുജന-വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ച കേസിലാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ ഹസീനയ്ക്ക് വധ ശിക്ഷ വിധിച്ചത്.

ജനുവരിയില്‍ ബംഗ്ലാദേശില്‍ നടന്നത് ഡമ്മി തിരഞ്ഞെടുപ്പാണെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തല്‍. 'മനുഷ്യരാശിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെ'ന്ന് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ പറഞ്ഞു.

ഹസീനയുടെ മന്ത്രി സഭയില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന അസദുസമാന്‍ ഖാന്‍ കമാല്‍, അന്നത്തെ ഐജി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ എന്നിവരുടെ പേരിലും കുറ്റം ചുമത്തിയിട്ടുണ്ട്.

കൊലപാതകം, കൊലയ്ക്കുള്ള ശ്രമം, പീഡനം, മനുഷ്യത്വമില്ലാത്ത മറ്റ് പ്രവൃത്തികള്‍ എന്നിവയാണ് ഹസീനയ്‌ക്കെതിരായ കുറ്റങ്ങള്‍. ഇതിന്റെ പേരില്‍ ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ആവശ്യപ്പെട്ടിരുന്നത്.

കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഷെയ്ഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹസീനയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുകളും നിര്‍ത്തിയിട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നു മുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്. ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്റെ കണക്ക്.

അതേസമയം തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഇത്തരത്തില്‍ ഒരു കുറ്റവിചാരണയെ താന്‍ കാര്യമാക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ ഹസീന പറഞ്ഞു.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ തന്റെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് നടക്കില്ലെന്നും ഹസീന പറഞ്ഞു. അത്ര എളുപ്പത്തില്‍ അവാമി ലീഗിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. അടിത്തട്ടില്‍ നിന്ന് വളര്‍ന്ന പാര്‍ട്ടിയാണ് ഇത്. അധികാരം പിടിച്ചെടുത്തയാളുടെ പോക്കറ്റില്‍ നിന്ന് കിളിര്‍ത്തു വന്നതല്ല അവാമി ലീഗെന്നും ഹസീന പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.