ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക്  ദയനീയ തോല്‍വി

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 30 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി.

ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴുത്തിന് പരിക്കേറ്റ് പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് ചേസിങിനിറങ്ങിയ ഇന്ത്യക്ക് ഒരു ബാറ്റ്‌സ്മാന്റെ കുറവുണ്ടായി. 124 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം രണ്ടാം സെഷനില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഒരൊറ്റ സെഷനില്‍ മാത്രം ഏഴ് നിര്‍ണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഋഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (18), ധ്രുവ് ജുറേല്‍ (13), വാഷിങ്ടണ്‍ സുന്ദര്‍ (31), കുല്‍ദീപ് യാദവ്( 1) എന്നിവരാണ് ഒറ്റ സെഷനില്‍ പുറത്തായ താരങ്ങള്‍. ഇതോടെ ഇന്ത്യ 34 ഓവറില്‍ 93 റണ്‍സെടുത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ കൂപ്പുകുത്തുകയായിരുന്നു.

തോല്‍വി ഉറപ്പായ സാഹചര്യത്തില്‍ ക്രീസിലുണ്ടായിരുന്ന അക്‌സര്‍ പട്ടേല്‍ സിക്‌സും ഫോറുമടിച്ച് ജയിക്കുമെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും അദേഹവും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങുകയായിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (0) കെ.എല്‍ രാഹുലും (1) പുറത്തായിരുന്നു.

നേരത്തെ, ആദ്യ ഇന്നിങ്‌സിലെ 30 റണ്‍സ് ലീഡിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ അര്‍ദ്ധ സെഞ്ച്വറിയും കോര്‍ബിന്‍ ബോഷിന്റെ തകര്‍പ്പന്‍ പ്രകടനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.