ചിക്കാഗോ: വിശ്വാസ വളര്‍ച്ചയുടെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപത സില്‍വര്‍ ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തിയതികളില്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന കണ്‍വെന്‍ഷന് വിശ്വാസികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോമലബാര്‍ രൂപതയായ ചിക്കാഗോ രൂപത, പ്രഥമ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റേയും തുടര്‍ന്ന് മാര്‍ ജോയ് ആലപ്പാട്ടിന്റെയും ആത്മീയ നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കൊണ്ട് അമേരിക്കയിലുടനീളം മാര്‍ത്തോമാ നസ്രാണി പാരമ്പര്യത്തില്‍ നിലനിന്നുകൊണ്ട് ആത്മീയവും ഭൗതികവുമായ വലിയ വളര്‍ച്ചയാണ് നേടിയിട്ടുള്ളത്.
നിലവില്‍ 54 ഇടവകകളും 35 ഓളം മിഷനുകളുമുള്ള ഷിക്കാഗോ രൂപതയില്‍ എഴുപതില്‍പ്പരം വൈദികര്‍ ഒരു ലക്ഷത്തോളും വരുന്ന വിശ്വാസികള്‍ക്കായി സേവനം ചെയ്തുവരുന്നു. കൂടാതെ ഇരുപതോളം വൈദികര്‍ മുഴുവന്‍ സമയം അല്ലാതെയും സേവനം ചെയ്യുന്നുണ്ട്. രൂപതയുടെ ആരംഭം മുതല്‍ എല്ലാ പള്ളികളിലും മികച്ച രീതിയില്‍ മതബോധന ക്ലാസുകളും നടത്തി വരുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം കുട്ടികള്‍ വിവിധ ഇടവകളിലായി മതബോധന ക്ലാസുകളില്‍ പഠിക്കുന്നുണ്ട്.
ഇവര്‍ക്കായി 2500 ഓളം അധ്യാപകര്‍ രൂപതയുടെ കീഴിലുള്ള 'വിശ്വാസ രൂപീകരണ' മിനിസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആത്മീയതയില്‍ അടിയുറച്ച ഈ വിശ്വാസ പരിശീലനം തന്നെയാണ് രൂപതയുടെ ആത്മീയവിജയം. എട്ടില്‍പ്പരം തദ്ദേശ്യരായ വൈദികര്‍ ഇതിനോടകം രൂപതയില്‍ സേവനം ചെയ്തുവരുന്നു. അതോടൊപ്പം പത്തിലധികം വൈദിക വിദ്യാര്‍ത്ഥികള്‍ വിവിധ സെമിനാരികളിലായി നിലവില്‍ പഠിക്കുന്നുണ്ട്.
കൂടാതെ രൂപതയുടെ കീഴില്‍ ചെറുപുഷ്പ മിഷന്‍ ലീഗ്, യൂത്ത് അപ്പസ്‌തോലേറ്റ്, ഫാമിലി അപ്പസ്‌തോലേറ്റ്, എസ്.എം.സി.സി, സിറോ മലബാര്‍ വിമന്‍സ് ഫോറം, വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി, ഫോര്‍ ലൈഫ്, ഫെയ്ത് ഫോര്‍മേഷന്‍, സീനിയര്‍സ് ഫോറം തുടങ്ങി നിരവധി മിനിസ്ട്രികള്‍ ശക്തമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി വളരെ ഉര്‍ജ്ജ സ്വലതയോടെ പ്രവര്‍ത്തിക്കുന്ന ഒരു 'കൂരിയായും' രൂപതക്കുണ്ട്.
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ രൂപയ്ക്ക് സ്വന്തമായി ഒരു സെമിനാരി എന്നത് ഉള്‍പ്പെടെ വളര്‍ച്ചയുടെ അടുത്ത പടവുകളിലേക്കും ചിക്കാഗോ രൂപത ശ്രദ്ധ വെക്കുന്നു. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി അമേരിക്കയില്‍ സേവനം ചെയ്യുന്ന സിറോ മലബാര്‍ വൈദികരുടെ സമ്മേളനം ഈ മാസം 18,19 തിയതികളില്‍ മയാമിയില്‍വച്ചും സന്യസ്തരുടെ സമ്മേളനം 2026 ഏപ്രില്‍ 17,18 തിയതികളില്‍ ചിക്കാഗോയില്‍ വച്ചും നടത്തപ്പെടുന്നു.
അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലും കോണ്‍വെന്റുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി ഏതാണ്ട് നാനൂറിലധികം സിറോ മലബാര്‍ വൈദികരും സന്യസ്തരും സേവനം ചെയ്ത് വരുന്നതായി കണക്കാക്കപ്പെടുന്നു.
2026 ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ചിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് (McCormick Place) സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സിറോ മലബാര്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
പരസ്പരം പരിചയപ്പെടുന്നതിനും പരിചയങ്ങള്‍ പുതുക്കുന്നതിനും സുഹൃത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി അമേരിക്കയില്‍ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാര്‍ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി നിലനിര്‍ത്തുന്നതിനും ചിക്കാഗോ കണ്‍വന്‍ഷന്‍ സഹായകരമാകും.
അതിലുപരി അനന്തമായ ദൈവ പരിപാലനയില്‍ വിശ്വാസ വളര്‍ച്ചയുടെ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, സിറോ മലബാര്‍ സഭാ തലവന്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടിലിനോടും രൂപത അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടിനോടും, രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനോടും, സഭയിലെ വിവിധ വൈദികരോടും, സന്യസ്തരോടും, അല്‍മായരോടൊപ്പവും ഒരേ കൂടാരത്തിന്‍ കീഴില്‍ ഒരുമിച്ചിരുന്നു ദൈവത്തിന് നന്ദി പറയുന്നതിനും പ്രാര്‍ഥിക്കുന്നതിനും വചനം ശ്രവിക്കുന്നതിനും അപ്പം മുറിക്കുന്നതിനും ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങള്‍, അതെത്ര സന്തോഷപ്രദമായിരിക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് കണ്‍വന്‍ഷനിലെ കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത.
മഹത്തായ ഈ ആത്മീയ, സാംസ്‌കാരിക, പൈതൃക സംഗമത്തില്‍, സകുടുംബം പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും രൂപതാ അധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍ മേലേപ്പുറവും ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് ചാമക്കാലയും ക്ഷണിച്ചു
കണ്‍വന്‍ഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളില്‍ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ പുരോഗമിക്കുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ് നിരക്കില്‍ പ്രത്യേക ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാക്കൂ.
കണ്‍വന്‍ഷനെക്കുറിച്ച് കൂടുതല്‍ അറിയുവാനും രജിസ്റ്റര്‍ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക :
www.syroconvention.org
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.