ഇന്ത്യയുടെ തീരുവ ഇനിയും കൂട്ടും; ഞാൻ സന്തോഷവാനല്ലെന്ന് മോഡിക്കറിയാം, റഷ്യൻ എണ്ണ ഇറക്കുമതിയിൽ ട്രംപിൻ്റെ മുന്നറിയിപ്പ്

ഇന്ത്യയുടെ തീരുവ ഇനിയും കൂട്ടും; ഞാൻ സന്തോഷവാനല്ലെന്ന് മോഡിക്കറിയാം, റഷ്യൻ എണ്ണ ഇറക്കുമതിയിൽ ട്രംപിൻ്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിലുള്ള തീരുവകൾ ഇനിയും വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ മുന്നറിയിപ്പ്. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിൽ അമേരിക്കയുടെ ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യ തയ്യാറാകാത്ത പക്ഷം കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ നിലപാട്.

റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുന്നത് തടയാനാണ് അമേരിക്ക ഈ നീക്കം നടത്തുന്നത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം വരെ തീരുവ വർധിപ്പിച്ചിരുന്നു.

“ഇന്ത്യ എന്നെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചു. മോഡി വളരെ നല്ല ആളാണ്. ഞാൻ സന്തുഷ്ടനല്ലെന്ന് അദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു. നമുക്ക് വളരെ വേഗത്തിൽ അവരുടെ മേൽ തീരുവ ഉയർത്താൻ കഴിയും,” മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.

നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര കരാറിനായുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി എത്തിയത്. എണ്ണ ഇറക്കുമതിയിൽ ഇന്ത്യ സഹകരിച്ചില്ലെങ്കിൽ തീരുവകൾ ഇനിയും ഉയർത്തുമെന്ന് അദേഹം വ്യക്തമാക്കി. ”റഷ്യൻ എണ്ണ പ്രശ്‌നത്തിൽ അവർ സഹായിച്ചില്ലെങ്കിൽ നമുക്ക് ഇന്ത്യയുടെ മേലുള്ള താരിഫ് ഉയർത്താൻ കഴിയും,” പ്രസിഡന്റ് പറഞ്ഞു.

ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, സമുദ്രോൽപന്നങ്ങൾ തുടങ്ങിയ പ്രധാന കയറ്റുമതി മേഖലകളെയാണ് ഈ തീരുവ വർധനവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇതിനോടകം തന്നെ അമേരിക്കയിലേക്കുള്ള സമുദ്രോൽപ്പന്ന കയറ്റുമതിയിൽ 25 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.