ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങള്‍ക്ക് നടുവിലായ കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റിയേക്കും. പുതിയ അധ്യക്ഷനായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വന്നേക്കുമെന്നാണ് ബി ജെ പി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇതിന്റെ ആദ്യ പടിയാണ് എം.ടി രമേശിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ സംസ്ഥാന സമിതി യോഗം. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് രമേശ് അധ്യക്ഷ പദവി അലങ്കരിച്ചതെന്നും സൂചനയുണ്ട്.
സുരേന്ദ്രനെ മാറ്റണമെന്ന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ടെന്നാണ് വിവരം. ആരോപണങ്ങളെ തുടര്‍ന്ന് തന്റെ ഭാഗം വിശദീകരിക്കാന്‍ ഡല്‍ഹിയിലെത്തിയ സുരേന്ദ്രനുമായി നരേന്ദ്ര മോഡിയും അമിത് ഷായും കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് അദേഹം ഇന്ന് കേരളത്തിലേക്ക് തിരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയം, ബിജെപി നേതാക്കള്‍ പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കവര്‍ച്ച, മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി കെ.സുന്ദരയ്ക്ക് പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചു, ആദിവാസി നേതാവ് സി.കെ ജാനുവിന് പണം നല്‍കി തുടങ്ങി തുടരെ ഉയര്‍ന്നു വന്ന ആരോപണങ്ങളിലെല്ലാം സുരേന്ദ്രന്റെ പേരുള്ളത് ബിജെപി ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കെ.സുരേന്ദ്രന്റെ പ്രവര്‍ത്തന രീതിയില്‍ പൊതുവേ അതൃപ്തരാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവര്‍ കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അവരുടെ വാദങ്ങള്‍ക്ക് കൂടുതല്‍ ബലം കിട്ടി. ഇതോടെയാണ് കേന്ദ്ര നേതാക്കള്‍ നിലപാട് കര്‍ശനമാക്കിയത്.
കഴിഞ്ഞ ദിവസം ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സി.കെ ജാനുവിന് പണം നല്‍കിയത് സംബന്ധിച്ച് കൂടുതല്‍ ഫോണ്‍ സന്ദേശ രേഖകള്‍ സുരേന്ദ്രനെതിരെ പുറത്തു വിട്ടിരുന്നു. ഇനിയും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വം വിലിയരുത്തുന്നത്.
പാര്‍ട്ടി നേരിടുന്ന എല്ലാ വിഷയങ്ങളും രമേശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കത്തിനെതിരെ പൊതു മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രനെതിരെ നീങ്ങാനാണ് യോഗത്തിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.