സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതി മാറ്റും; രോഗവ്യാപന തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതി മാറ്റും; രോഗവ്യാപന തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗ തീവ്രതയനുസരിച്ച് പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസം തീരുമാനം ഉണ്ടാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നിലവിലെ ലോക്ക്ഡൗണ്‍ 16 വരെ തുടരും. രോഗവ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറ്റും. സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവില്‍. അത് മാറ്റി രോഗ വ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം അറിയിക്കും.

പരിശോധന വര്‍ധിപ്പിക്കും. പുതിയ കാമ്പയിന്‍ ആലോചിക്കുന്നുണ്ട്. വീടുകളില്‍ നിന്നാണ് രോഗം ഇപ്പോള്‍ പടരുന്നത്. അത് തടയാന്‍ മാര്‍ഗം സ്വീകരിക്കും. 119 ആദിവാസി കോളനികളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വാക്‌സിന്‍ സൗകര്യമില്ല. അവിടങ്ങളില്‍ ക്യാമ്പും നടത്താനായില്ല. 362 കോളനികളില്‍ സ്‌പെഷല്‍ ക്യാമ്പ് നടത്തി. അവശേഷിക്കുന്നവയിലും ക്യാമ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദ്ദേശം നല്‍കി.

മരണസംഖ്യയുടെ വര്‍ധനവ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് അനുപാതികമാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഗുരുതരമായ അസുഖം ഉള്ളവരാണ് മരിച്ചവരില്‍ അധികവും. പ്രമേഹം പോലുള്ള രോഗമുള്ളവര്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്.

ആരോഗ്യ സംവിധാനം പുലര്‍ത്തിയ മികവാണ് മരണനിരക്ക് കുറയാന്‍ കാരണം. അതിവ്യാപന ശേഷിയുള്ള വൈറസിനെയാണ് ചെറുക്കുന്നത്. മൂന്നാം തരംഗം തടയാന്‍ ബഹുജന കൂട്ടായ്മ വേണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം ഇതാകെ നേടാനാവില്ല-മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പൊതുവെ പൂര്‍ണമാണ്. കാര്യത്തിന്റെ ഗൗരവം മനസിലാക്കി, അസൗകര്യങ്ങള്‍ പരിഗണിക്കാതെ ലോക്ക്ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. വ്യാപന നിരക്ക് കൂടുതലുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുകളില്‍ തുടര്‍ന്നേക്കും. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം.

ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്‌സിന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കും. ഇത്തരക്കാരില്‍ കഠിനമായ രോഗ ലക്ഷണവും മരണ സാധ്യതയും കുറവാണ്. എങ്കിലും ക്വാറന്റീനും ചികിത്സയും വേണ്ടിവരും. വാക്‌സിന്‍ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.